Connect with us

National

ഇന്തോ-അറബ് ചേംബര്‍ ഓഫ് കോമേഴ്‌സ് വ്യാപാര സംഗമം ഇന്ന് ബംഗളൂരുവില്‍

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യയുമായുള്ള ഗള്‍ഫ് നാടുകളുടെ വ്യാപാര, വാണിജ്യ സൗഹൃദവും ഇടപാടുകളും മെച്ചപ്പെടുത്തുന്നതും ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും വേദിയാകുന്ന ഇന്തോ-അറബ് ചേംബര്‍ ഓഫ് കോമേഴ്‌സ് വ്യാപാര സംഗമം ഇന്ന് ബംഗളൂരുവില്‍ നടക്കും. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലുമുള്ള നിക്ഷേപ അവസരങ്ങളാണ് പ്രാധനമായും സമ്മേളനം അന്വേഷിക്കുന്നത്. ചെറുകിട മേഖലയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
വ്യവസായ വിദഗ്ധര്‍, ബിസിനസ്സുകാര്‍, നിക്ഷേപകര്‍ തുടങ്ങിയ 20അറബ് രാജ്യങ്ങളിലെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആറ് ഗള്‍ഫ് നാടുകളാണ് സമ്മേളനത്തിലെ പ്രധാന പങ്കാളികള്‍. യോജിച്ചുള്ള നിക്ഷേപ പദ്ധതികള്‍ സംബന്ധിച്ചും സംഗമം ചര്‍ച്ച ചെയ്ത് ആശയം രൂപപ്പെടുത്തുമെന്ന് ചേംബര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആസിഫ് ഇഖ്ബാല്‍ പറഞ്ഞു.
ദുബൈ, മസ്‌കത്ത് എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഇന്തോ അറബ് ചേംബറില്‍ 330 അംഗങ്ങളുണ്ട്. ഇതില്‍ 130 പേര്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ചേംബര്‍ ആഭിമുഖ്യത്തില്‍ 100 കോടിയുടെ വ്യാപാര പദ്ധതികള്‍ക്കാണ് ഇതിനകം തുടക്കം കുറിച്ചത്.
യു എ ഇ, ഒമാന്‍, സഊദി, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ഗള്‍ഫു നാടുകള്‍ക്ക് പുറമെ ബ്രൂണെ, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ലബനോന്‍, ലിബിയ, മൊറോക്കോ, ഫലസ്തീന്‍ സോമാലിയ, സുഡാന്‍, സിറിയ, ടുണീസ്യ എന്നീ രാജ്യങ്ങളാണ് ചേംബറിലുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നെല്ലാം പ്രതിനിധികള്‍ ഇന്ന് ബംഗ്ലുരുവില്‍ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചേംബറിലെ ഇന്ത്യന്‍ അംഗങ്ങള്‍ ഗള്‍ഫ് നാടുകളില്‍ ചെറുകിട വ്യവസായ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരാകുന്നവരാണെന്നും ഈ മേഖളയില്‍ പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെട്ടു വരുന്നതും അറബ് നാടുകളിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് സൂചന ലഭിക്കുന്നതുമാകും സമ്മേളനമെന്ന് ആസിഫ് ഇഖ്ബാല്‍ പറഞ്ഞു.
ഗള്‍ഫാര്‍ എന്‍ജിനീയിറിംഗ് എം ഡിയും ഇന്ത്യന്‍ വ്യവസായിയുമായ ഡോ. പി മുഹമ്മദലി ഗള്‍ഫാര്‍, സഊദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മേധാവി, ബഹ്‌റൈന്‍ എകണോമിക് ഡവലപ്‌മെന്റ്, ഖത്തര്‍ സ്റ്റീല്‍ ട്രേഡ് ഗ്രൂപ്പ് മേധാവികള്‍ തുടങ്ങിയ പ്രമുഖരാണ് സമ്മേളനം നയിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സാം പട്രോഡ പ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രിമാരായ കെ എച്ച് മുനിയപ്പ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മുന്‍ മന്ത്രി മണിശങ്കര്‍ അയ്യര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

Latest