Connect with us

Malappuram

പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികം നാളെ

Published

|

Last Updated

മലപ്പുറം: പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 92-ാം പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികവും രക്തസാക്ഷി സ്‌ക്വയറിന്റെ ശിലാസ്ഥാപനവും നാളെ നടക്കും. പിലാക്കലിലാണ് രക്തസാക്ഷി സ്‌ക്വയര്‍ നിര്‍മിക്കുക. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് നടക്കുന്ന ചരിത്ര സെമിനാറോടെയാണ് ഈ വര്‍ഷത്തെ യുദ്ധ വാര്‍ഷിക പരിപാടികള്‍ തുടങ്ങുക.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക ചെയര്‍മാന്‍ സി പി സൈതലവി, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, പ്രൊഫ. ഹരിപ്രിയ എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന വാര്‍ഷിക സമ്മേളനവും രക്തസാക്ഷി സ്‌ക്വയറിന്റെ ശിലാസ്ഥാപനവും മന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. പി കെ ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് നിര്‍മിക്കുന്ന യുദ്ധ സ്മാരക അഡിമിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിക്കും. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി പൂക്കോട്ടൂരിന്റെ പ്രാദേശിക ചരിത്രം തയ്യാറാക്കുമെന്നും പൊതുജനങ്ങള്‍ക്കും പഠന ഗവേഷണം നടത്തുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പൂക്കോട്ടൂര്‍ യുദ്ധ സ്മാരക റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം, അഡ്വ. കാരാട്ട് അബ്ദുര്‍റഹിമാന്‍, കെ അസീസ് , എം മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest