ശാരീരിക വൈകല്യമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം; ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി

Posted on: August 24, 2013 1:50 am | Last updated: August 24, 2013 at 1:50 am
SHARE

മലപ്പുറം: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘പ്രതീക്ഷ’ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളും തൊഴില്‍ പരിശീലനവും നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗത്തില്‍ തീരുമാനം. പ്രതീക്ഷാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കാംപ് നടത്തുക. ഇതിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം നീക്കി വെച്ചിട്ടുണ്ട്.
കോഴിക്കോട് ഇംഹാന്‍സിന്റെ സഹായത്തോടെ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ ആരംഭിച്ച പ്രതീക്ഷാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം 787 കുട്ടികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട് . അവശരായ കുട്ടികള്‍ക്ക് മറ്റു കുട്ടികളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നതിനും പൊതു ധാരയിലെത്തിക്കാനുമായി പ്രവര്‍ത്തനമാരംഭിച്ച പ്രതീക്ഷാ ഡെ കെയര്‍ സെന്ററുകള്‍ ജില്ലയിലെ 26 പഞ്ചായത്തുകളിലാണ് ഒന്നാംഘട്ടത്തില്‍ ആരംഭിച്ചത്. ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ നിന്നും ഐ.ഇ.ഡി. കൗണ്‍സലര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഡേ കെയര്‍ സെന്റര്‍ നടപ്പാക്കുന്ന പഞ്ചായത്ത് പ്രസിഡïുമാര്‍, സെക്രട്ടറിമാര്‍ മറ്റു ഭാരവാഹികള്‍ക്കുള്ള ശില്‍പശാല സപ്തംബര്‍ രണ്ടിന് ജില്ലാ പഞ്ചായത്തില്‍ നടക്കും. വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ‘പ്രതീക്ഷാ’ കണ്‍വീനര്‍ സലിം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, റ്റി.വനജ, കെ.പി. ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് അംഗം ഉമര്‍ അറക്കല്‍, ഡോ. സുനില്‍ദാസ്, മാനു പാലാറ, ഫയാസ്, ലൗലി, ഡയറ്റ് പ്രിനസിപ്പല്‍ അബ്ദു റസാഖ്, സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.