Connect with us

Malappuram

മൂന്ന് പശുക്കള്‍ പേയിളകി ചത്തു

Published

|

Last Updated

നിലമ്പൂര്‍: തെരുവ് നായകളുടെ കടിയേറ്റ് മൂന്ന് പശു ക്കള്‍ പേയിളകി ചത്തു. വെള്ളിയാഴ്ച ഒരാള്‍ക്ക് നായയുടെ കടിയേറ്റു. വൈകിട്ട് ജവഹര്‍ കോളനിയിലെ മാടംകോട് വിജയനെയാണ്(45) നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വിജയനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്ന് പശുക്കളെയും ഒരു പോത്തിനേയും തെരുവു നായ്ക്കള്‍ കടിച്ച് മുറിവേല്‍പ്പിച്ചു.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഒരാഴ്ച മുമ്പ് കരിമ്പുഴ കൊളങ്ങര ആലിപ്പുവിന്റെ കറവപശുവും കുട്ടിയും പേ ഇളകി ചത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിമ്പുഴയിലെ ചീനിക്കല്‍ മുഹമ്മദിന്റെ കറവപശുവാണ് പേ ഇളകി ചത്തത്. കരിമ്പുഴ പനയംകോട് വനത്തിനോടു ചേര്‍ന്ന സ്ഥലത്തുനിന്നുമാണ് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് പറമ്പില്‍ കെട്ടിയിട്ടിരുന്ന അങ്ങാടിപറമ്പന്‍ പാത്തുമ്മയുടെ രണ്ടു വയസു പ്രായമായ പശുകുട്ടിയെയും,വൈകിട്ട് ജവഹര്‍കോളനി യിലെ അമ്പലക്കുന്നില്‍ ഹരിദാസന്റെ പോത്തിനേയും മറ്റ് രണ്ടു പശുകുട്ടികളേയും തെരുവു നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ ചത്ത പശുവിന് പേപിടിച്ചതാണെന്ന് വെറ്റിനറി അധികൃതരും സ്ഥിരീകരിച്ചു.വനത്തിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നായ ശല്ല്യം രൂക്ഷമാണ്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പേപ്പട്ടികള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കയാണ്. പനയംകോടു വനത്തില്‍ പുള്ളിമാനുകളെയും തെരുവുനായകള്‍ അക്രമിക്കുന്നത് പതിവായിരിക്കുകയാണ്. പേ ബാധയേറ്റ് പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് കരിമ്പുഴ പനയംകോട് പ്രദേശത്ത് 50 പശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി. ചത്ത പശുക്കളുടെ ഉടമകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ധനസഹായം അനുവദിച്ചിട്ടുണ്ട്. പശുക്കള്‍ക്ക് പതിനായിരം രൂപയും കിടാവുകള്‍ക്ക് 2000 രൂപയും നല്‍കും. ഇതിനായി മരണ സര്‍ട്ടിഫിക്കറ്റ,് ഫോട്ടോ, മൃഗാശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഫോറം എന്നിവ പൂരിപ്പിച്ച് നല്‍കണം. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമായിരിക്കുകയാണ്.
പലസ്ഥലങ്ങളിലും അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കള്‍ സ്‌കൂള്‍കുട്ടികള്‍ക്കും ഭീഷണിയാണ്. നടപടി കൈകൊള്ളാന്‍ തയ്യാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധവും ശക്തമാണ്.