Connect with us

Malappuram

എളങ്കൂരിലും പരിസര പ്രദേശങ്ങളിലും മദ്യമാഫിയ വിലസുന്നു

Published

|

Last Updated

മഞ്ചേരി: എളങ്കൂറും പരിസരവും മദ്യമാഫിയയുടെ പിടിയില്‍. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ മദ്യ-മയക്കുമരുന്ന് മാഫിയയുടെ പിടിയിലമര്‍ന്നതായി നാട്ടുകാര്‍ പറയന്നു. ഓണം അടുത്തു വരുന്നതിന്റെ മുന്നോടിയായി വന്‍തോതില്‍ അനധികൃത മദ്യം സംഭരിച്ചുവെച്ചതായാണ് പരാതി.
എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണിതെന്നും ആരോപണമുണ്ട്. അനധികൃത മദ്യസംഭരണത്തിനും വിപണനത്തിനുമെതിരെ വ്യാപകമായ പരാതികളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകളുണ്ടാകുന്നില്ലെന്ന് എളങ്കൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ 13ന് രാവിലെ എളങ്കൂര്‍ അത്താണിക്കല്‍ പറമ്പന്‍ ഹാരിസ് ബാബു(28)വിന്റെ മൃതദേഹം വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വേട്ടുവന്‍കുന്നിലെ സ്വകാര്യവ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ കാണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
യുവാക്കളെ വഴി തെറ്റിക്കുകയും അനാശാസ്യപ്രവണത പെരുകുകയും ചെയ്യുന്നതിനെ കടിഞ്ഞാണിടണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ജനാര്‍ദനന്‍, ഇ അബ്ദു, ഇ ടി മോയിന്‍കുട്ടി, ചോലയില്‍ ബാലകൃഷ്ണന്‍, ടി പി വാസു, എ മൊയ്തീന്‍, കെ ബാപ്പു, ടി അബ്ദുര്‍റസാഖ് പ്രസംഗിച്ചു.