ഉപരോധ സമരവും കുറെ കണ്ണീര്‍ പാര്‍ച്ചകളും

Posted on: August 24, 2013 6:00 am | Last updated: August 24, 2013 at 10:16 pm
SHARE

എനിക്ക് ഉപരോധ സമരത്തില്‍ പങ്കെടുക്കാനായില്ല. അതില്‍ ദുഃഖവും നിരാശയുമുണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ച് മൂന്നാമത്തെ ദിവസമായിരുന്നു ഊഴം. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെയും കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞിരുന്നു. അതിനു മുമ്പേ, സമരം പിന്‍വലിച്ചതു കൊണ്ട് സമര പങ്കാളിത്തത്തിന് സാധിച്ചില്ല. ആദ്യത്തെ രണ്ട് ദിവസങ്ങളിലും സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ച പ്രവര്‍ത്തകര്‍ക്ക് അതിന്റെ പേരില്‍ പരാതിയോ പരിഭവമോയില്ല. അഭിമാനത്തോടെയാണ് അവരത്രയും, പതിനായിരക്കണക്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കൊപ്പം, തിരിച്ചെത്തിയത്.
അതിശയകരമായൊരു കാര്യം, പക്ഷേ, പറയാതിരിക്കാന്‍ വയ്യ. സൗഹാര്‍ദത്തിലാണെങ്കിലും ദേഷ്യം പ്രകടപ്പിച്ചത് വലതു മുന്നണിക്കാരായ എന്റെ സുഹൃത്തുക്കളാണ്. സമരം പരാജയമാണെന്നായിരുന്നു അവരുടെ കട്ടായം. വാദം സമര്‍ഥിക്കാനവരുന്നയിച്ച ന്യായമാകട്ടെ, ഉപരോധം അപ്രതീക്ഷിതമായും അതിവേഗത്തിലുമാണ് അവസാനിച്ചതെന്നും. ഉപരോധം ആഴ്ചകളോളം നീണ്ടുനില്‍ക്കണമെന്നും പ്രതിരോധവും പ്രത്യാക്രമണവും സമാസമം കൊണ്ട കൊടും സംഘര്‍ഷത്തിലൂടെയാകണം അത് അവസാനിക്കേണ്ടത് എന്നും എന്റെ വലതുപക്ഷ സുഹൃത്തുക്കള്‍ ആഗ്രഹിച്ചിരുന്നു. നേരിട്ട് അത് തുറന്നു പ്രകടപ്പിച്ച കോണ്‍ഗ്രസുകാരുണ്ട്. തിരുവനന്തപുരത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ സന്തോഷപൂര്‍വം പ്രതികരിച്ചത് പോകുന്ന രീതിയില്‍ തന്നെ തിരിച്ചുവന്നുകൊള്ളണമെന്നില്ലെന്നാണ്. പട്ടാളത്തെക്കുറിച്ചും ഊറ്റം പറഞ്ഞും ലാത്തിയെക്കുറിച്ചു വീരസ്യം മൊഴിഞ്ഞും തമാശകള്‍ പങ്കിട്ടവരാണ് സമരാന്ത്യത്തില്‍ നിരാശപ്പെട്ടതും പഴിയുടെ കെട്ടഴിച്ചതും. ഉപരോധവിരുദ്ധര്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും കൊതിക്കുകയില്ലെന്ന് ന്യായമായും കരുതാമല്ലോ. അപ്പോള്‍ കൊതിച്ചതും നിനച്ചതും രക്തപങ്കിലമായൊരു സമരാന്ത്യമാകാതിരിക്കാന്‍ തരമില്ല. അത് തരപ്പെടാതെ പോയതിന്റെ ഈര്‍ഷ്യമാണോ ഈ കൊടും പഴിയുടെ പൊരുള്‍?
ഉപരോധ സമരത്തിന്റെ രണ്ട് ദിനരാത്രങ്ങളും ത്യാഗ പൂര്‍ണമായിരുന്നു. സമരാരംഭത്തിന്റെ തലേന്നാളത്രയും ഉറക്കമൊഴിച്ച് യാത്ര ചെയ്തവരാണ് സമരനാളിലുടനീളം സക്രിയരാതും ഒരു പോള കണ്ണടക്കാതെ മറ്റൊരു രാവിനെ കൂടി വരവേറ്റതും. പാതയോരത്താണ് അവരധിക പേരും തല ചായ്ച്ചത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടിയവരാണ് മുഴുവന്‍ പേരും. പരാതി പറയാതെ, പരിഭവം കാണിക്കാതെ, പകരം വര്‍ധിതാവേശത്തില്‍ സമര സന്ദേശം മുഴക്കിയാണ് പോര്‍മുഖമത്തവരത്രയും നിലകൊണ്ടത്.
പക്ഷവും പ്രത്യയശാസ്ത്രവും എന്തുമാകട്ടെ, ആവേശോജ്ജ്വലമായ ആ സമരവീര്യത്തെ, തരിമ്പ് പോലും സംഘബോധമില്ലാത്തവരൊഴികെ ആര്‍ക്കാണ് തള്ളിപ്പറയാനാകുക? ഭീകരമായ അടിച്ചമര്‍ത്തലിന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായ അതീവ കര്‍ക്കശമായ പോലീസ് അറിയിപ്പുകളുടെ പിരിമുറുക്കം അനുഭവിച്ചു കൊണ്ടാണ് പതിനായിരങ്ങള്‍ സെക്രട്ടേറിയറ്റിനു ചുറ്റും തമ്പടിച്ചത്. കണക്കുകൂട്ടലുകളെ തെറ്റിച്ച ആ മനുഷ്യപ്രവാഹത്തിന്റെ മനോവീര്യത്തെയെങ്കിലും മാനിക്കേണ്ടതുണ്ട് രാഷ്ട്രീയ വിമര്‍ശകര്‍. അത് രാഷ്ട്രീയ സദാചാരത്തിന്റെ മാനുഷികമായ മര്യാദകളിലൊന്നാണ്. പട്ടാളത്തെ കുടിയിരുത്തിയും പൊതുകക്കൂസുകള്‍ക്ക് പോലും നിരോധമേര്‍പ്പെടുത്തിയും സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയതാണ്, സംഘാടകരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ച ജനക്കൂട്ടത്തെ തിരുവനന്തപുരത്തേക്കൊഴുക്കിയത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ സങ്കല്‍പ്പിക്കാനാകാത്ത കാര്‍ക്കശ്യത്തിന്റെയും അസഹിഷ്ണുതയുടെയും ചങ്ങലക്കെട്ടുകളുമായിട്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉപരോധ സമരത്തെ നേരിട്ടത്. ഹോട്ടലുകളില്‍ വാടകക്ക് മുറിയെടുക്കാനനുവദിക്കാതെയും വീടുകളില്‍ അതിഥികളാകാനനുവദിക്കാതെയും വിലക്കുകളുടെ മുള്‍വേലികള്‍ തീര്‍ത്തു സര്‍ക്കാര്‍. സമരക്കാരെയും വഹിച്ചോടുന്ന വാഹനങ്ങള്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും നല്‍കുകയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്തെ ഇണ്ടാസുകളെ ഓര്‍മിപ്പിക്കുന്ന ഇത്തരം കുടിലതകളെ പുല്ല് പോലെ പറിച്ചുതള്ളിയാണ് വിപ്ലവാവേശത്തിന്റെ ചുടുരക്തമൊഴുകുന്ന യുവാക്കള്‍ സെക്രട്ടേറിയറ്റങ്കണത്തിലേക്ക് പരന്നൊഴുകിയത്.
പ്രതിലോമതയോട് ധിക്കാരം കാട്ടുന്ന ഈ ജനശക്തിയാണ് കേരളീയ സാമൂഹികതയുടെ ഏറ്റവും കനപ്പെട്ട കവചം. സര്‍ക്കാറില്‍ നിന്ന് പട്ടും വളയും വാങ്ങാനല്ല, ചുരുങ്ങിയ പക്ഷം ജയിലെങ്കിലും കിട്ടുമെന്ന ഉത്തമ ബോധ്യമുള്‍ക്കൊണ്ടാണ് അവരത്രയും തെക്കോട്ട് വണ്ടി കയറിയത്. നിശ്ചയദാര്‍ഢ്യത്തിന്റെയും ആര്‍ജവത്തിന്റെയും ഈ ഉദാത്ത മാതൃക വാഴ്ത്തപ്പെടേണ്ടതാണ്. കേരളത്തിലെ ഇടതു വലതു പക്ഷമില്ലാതെ മുഴുവന്‍ ജനതയും അനുഭവിച്ചറിയുന്ന സാമൂഹിക സ്വാതന്ത്ര്യത്തിന്റെ പൊതു പ്രതലം പരുവപ്പെട്ടത് ഈ വിപ്ലവസന്നദ്ധതയുടെ തണല്‍ പറ്റിയാണ്. കുത്തക ജന്മികളും മാടമ്പിമാരായ നാട്ടുപ്രമാണിമാരും കാല്‍ക്കീഴിലിട്ട് ഞെരിച്ച ഒരു ജനത സ്വന്തം ഭാഗധേയത്വത്തെ സ്വയം നിര്‍ണയിക്കുന്ന സാഹചര്യത്തിലേക്കുയര്‍ന്നത് ഇത്തരം സന്നദ്ധ സംഘശക്തിയുടെ പിന്‍ബലത്തിലൂടെ മാത്രമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതെ പോയ തന്റേടമാണിത്. സാധാരണക്കാരായ ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ അധികാര ശക്തികള്‍ തെല്ലെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ഈ സംഘശക്തി ഒന്നുകൊണ്ട് മാത്രമാണ്.
കേരളീയ പൊതുമണ്ഡലത്തില്‍ അധികാര ശക്തികളുടെ തീട്ടൂരങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോയാല്‍ പഴയ നാടുവാഴിത്തത്തിന്റെ അഭിശപ്ത സന്തതികള്‍ പൂര്‍വപ്രതാപത്തോടെ തിരിച്ചുവരും. നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥ മേലാളന്മാരുടെ വിധേയത്വ ഭരണം ജനത്തെ മുടിക്കും. കേരളത്തിന്റെ തന്റേടം തകര്‍ന്നടിയും. സെക്രട്ടേറിയറ്റ് ഉപരോധം എന്ന പ്രതീകാത്മക സമരം വെളിപ്പെടുത്തിയ പോരാട്ട വീര്യം – സമരാങ്കണത്തില്‍ രണ്ട് ദിവസം കഴിച്ചുകൂട്ടിയ പതിനായിരങ്ങള്‍ മാത്രമല്ല, അതിന്റെ എത്രയോ ഇരട്ടി വരുന്ന മഹാജനസഞ്ചയം വലിയൊരു കൊടും സമരത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് തയ്യാറെടുത്ത് അണിയറയില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു- കേരളത്തിന് വിലപ്പെട്ടതാകുന്നത് അതുകൊണ്ടൊക്കെത്തന്നെയാണ്. സമരം ‘പാളീസായി’ എന്ന് പെരുമ്പറ കൊട്ടുന്നവര്‍ കാണാന്‍ ശ്രമിക്കാത്ത യാഥാര്‍ഥ്യമാണിത്.
ഉപരോധത്തിന്റെ മെറിറ്റിനെ ചോദ്യം ചെയ്യുന്നവര്‍ മറുപടി പറയേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഭരണഘടനാപരമായ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്ക് തന്റെ ഓഫീസ് ദുരുപയോഗപ്പെട്ടെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ – ഉമ്മന്‍ ചാണ്ടി അത് പരസ്യമായി സമ്മതിച്ചതുമാണ്- അയാളുടെ ധാര്‍മികമായ ബാധ്യതയെന്താണ്? ഭരണഘടനാ സ്ഥാപനങ്ങളായ എക്‌സിക്യുട്ടീവിന്റെയും ലെജിസ്‌ലേച്ചറിന്റെയും നായകസ്ഥാനമാണ് മുഖ്യമന്ത്രിക്കുള്ളത്. തന്റെ ഓഫീസ് താനറിയാതെ തട്ടിപ്പുകാരാല്‍ ദുരുപയോഗപ്പെട്ടുവെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്ന മുറക്ക് അദ്ദേഹം രാജി വെക്കുകയല്ലാതെ മറ്റു പോംവഴികളില്ല. താന്‍ പങ്കാളിയേ അല്ലെന്ന് കട്ടായം പറയുന്ന മുഖ്യമന്ത്രിക്ക്- പങ്കാളിത്തത്തിന്റെ തെളിവുകള്‍ പലതും പുറത്തുവന്ന കാര്യം പരസ്യമായതാണെങ്കിലും- അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ധാര്‍മികാവകാശമെന്താണ്? തട്ടിപ്പ് വീരന്മാര്‍ വിഹരിച്ചതും ഇടപാടുകള്‍ നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസിനെ കരുവാക്കിയാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതാണല്ലോ. എന്നിട്ടും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ തന്റെ ഓഫീസ് പെടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്തവകാശമാണുള്ളത്? മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കെന്തര്‍ഹതയാണുള്ളത്? അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് ഉമ്മന്‍ ചാണ്ടി അന്വേഷണത്തെ നേരിടുന്നത് സത്യസന്ധമായ അന്വേഷണത്തിന്റെ മെറിറ്റിനെ ബാധിക്കും. കേസന്വേഷണത്തിന്റെ നിഷ്പക്ഷത ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചേ മതിയാകൂ.
ഷേക്‌സ്പിയറുടെ കഥാപാത്രം പ്രിന്‍സ് ഹാംലെറ്റ് ഡെന്‍മാര്‍ക്കിനെക്കുറിച്ച് പറഞ്ഞതു പോലെ, തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. തനിക്ക് സരിതയെ അറിയില്ലെന്നും താന്‍ കക്ഷിയെ കണ്ടിട്ടില്ലെന്നും സത്യം ചെയ്തുപറഞ്ഞ മുഖ്യമന്ത്രിക്ക് സരിതയുമായി അടുത്ത ബന്ധമുണ്ടെന്ന് ഫോട്ടോ ക്ലിപ്പിംഗുകള്‍ തുറന്നുകാട്ടിയതും ഞെട്ടിപ്പിക്കുന്നതെന്ന് പറയുന്ന സരിതയുടെ മൊഴിയത്രയും ഉത്തരവാദപ്പെട്ട ന്യായാധിപന്‍ രേഖപ്പെടുത്താതെ പോയും കൂട്ടുപ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ തന്നെ വക്കാലത്തിന് വന്നതും അതീവ ഗുരുതരമായ ആരോപണങ്ങള്‍ പലതും തേഞ്ഞുമാഞ്ഞു പോകുന്നതും അത്യുന്നതങ്ങളുടെ വ്യക്തമായ പങ്കിനെയും ഇടപെടലിനെയും ചൂണ്ടിക്കാട്ടുന്നു. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ആവര്‍ത്തിച്ചാണയിട്ടു പറഞ്ഞ സര്‍ക്കാര്‍, ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത് തന്നെ സര്‍ക്കാറിന്റെ സത്യസന്ധതയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സത്യം, സര്‍ക്കാര്‍ മൊഴിയുടെയും അപ്പുറത്താണെന്ന് സമ്മതിക്കപ്പെട്ട സാഹചര്യത്തില്‍ കുറ്റാരോപിതരായ ആളുകളെ തലപ്പത്തിരുത്തി എങ്ങനെ സര്‍ക്കാറിന് സത്യം തെളിയിക്കാനാകും? മുഖ്യമന്ത്രി രാജി വെച്ചുകൊണ്ട് അന്വേഷണത്തെ നേരിടണമെന്നത് സാമാന്യ നീതിയുടെയും സമാന്യ മര്യാദയുടെയും ന്യായമായ ഒരാവശ്യമാണ്. സത്യസന്ധനും നിഷ്‌കളങ്കനുമാണെങ്കില്‍ അദ്ദേഹം സ്വമേധയാ അതിന് തയ്യാറാകേണ്ടതുമാണ്. മറിച്ചുള്ളതെല്ലാം വിതണ്ഡവാദമാണ്. അധികാരദാഹവും ദുരയുമാണ്. അന്ധമായ രാഷ്ട്രീയ പക്ഷപാതിത്വത്തിനേ ഇതിനെ പിന്തുണക്കാനാകൂ. ഇത്തിരിയെങ്കിലും ധാര്‍മിക ബോധമുള്ളവര്‍ക്ക് സോളാര്‍ വിവാദ വിഷയത്തില്‍ മുഖ്യമന്ത്രിക്കനുകൂലമായി നിലപാടെടുക്കാനാകില്ല, അദ്ദേഹം രാജി വെച്ച് അന്വേഷണത്തെ നേരിടാനുള്ള തന്റേടം കാണിക്കുന്നത് വരെ. കുറ്റവിമുക്തനാണെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് സത്യസന്ധതയുടെ താരത്തിളക്കത്തോടെ കൂടുതല്‍ കരുത്തനായി തിരിച്ചുവരാവുന്നതേയുള്ളൂ. രാഷ്ട്രീയകേരളം സ്വമേധയാ തന്നെ അതിന് വഴിയൊരുക്കും. അഥവാ ഉമ്മന്‍ ചാണ്ടിക്ക് അതിനു മാത്രം ആത്മവിശ്വാസമില്ലെങ്കില്‍ കാര്യങ്ങളുടെ കിടപ്പെന്തൊക്കെയെന്നൂഹിക്കാന്‍ മലയാളിയുടെ സാമാന്യ ബോധത്തിന് കഴിയും.
രാഷ്ട്രീയം, ഡിസ്രേലി പറഞ്ഞതുപോലെ, ഏറ്റവും വൃത്തികെട്ടവന്റെ അവസാനത്തെ അഭയകേന്ദ്രമൊന്നുമല്ല. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും രീതിശാസ്ത്രമെന്ന നിലയില്‍ നേരിന്റെയും നെറിയുടെയും അസ്തിത്വവും അച്ചുതണ്ടുമാണ്. സ്വയം അസ്തിത്വബോധമില്ലാത്തവര്‍ക്കേ അതിനെ പഴി പറയാനാകൂ. സ്വയം ആത്മവിശ്വാസമില്ലാത്തവര്‍ക്കേ അതിനെ ഭയപ്പെടാനുമാകൂ. സത്യസന്ധമായ രാഷ്ട്രീയം ഒരു സത്കര്‍മമാണ്. അല്ലാത്തവ കലര്‍പ്പില്ലാത്ത കളങ്കവും. നമ്മുടെ പ്രതിബദ്ധത ഏതു തരം രാഷ്ട്രീയത്തോടൊപ്പമാകണമെന്ന മൗലികമായ ചോദ്യമാണ് നമ്മളോരോരുത്തരുടെയും മനഃസാക്ഷിയില്‍ നിന്ന് ഇപ്പോഴുയരേണ്ടത്.