അമേരിക്കക്ക് താവളമൊരുക്കണോ?

Posted on: August 24, 2013 6:00 am | Last updated: August 23, 2013 at 9:24 pm
SHARE

അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് താവളം നിര്‍മിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. തിരുവനന്തപുരമടക്കം ഏഷ്യാ-പസിഫിക് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ വിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും താവളമൊരുക്കാന്‍ തീരുമാനിച്ചതായും ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വ്യോമസേനാ മേധാവി എന്‍ എ കെ ബ്രൗണുമായി ചര്‍ച്ച നടത്തിയെന്നും അമേരിക്കയുടെ പസഫിക് മേഖലാ മേധാവി ജനറല്‍ ഹെര്‍ബര്‍ട്ട് കാര്‍ലൈനാണ് വാഷിംഗ്ടണില്‍ വെളിപ്പെടുത്തിയത്. താവളത്തിന് സ്ഥലം കണ്ടെത്താന്‍ കാര്‍ലൈനിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ വേ്യാമസേനാ സംഘം തിരുവനന്തപുരം സന്ദര്‍ശിച്ചതായും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ദ ടെലഗ്രാഫ്’ പത്രം വെളിപ്പെടുത്തുന്നു. സിംഗപൂരിലെ കിഴക്കന്‍ ഷാംഗ്ഹായ്, തായ്‌ലാന്‍ഡിലെ കോറോഡ്, ആസ്‌ത്രേലിയയിലെ പിന്‍ബറ, ടിന്‍ഡാല്‍ എന്നിവയാണ് സൈനികത്താവളത്തിന് കണ്ടെത്തിയ മറ്റു കേന്ദ്രങ്ങള്‍.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വാര്‍ത്ത നിഷേധിക്കുകയും അമേരിക്കയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ആണയിടുകയും ചെയ്യുന്നുവെങ്കിലും അമേരിക്കന്‍ വ്യോമസേനയുടെ ഉന്നതനായൊരു വക്താവ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെറുതെ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം പ്രസക്തമാണ്. 2006-ലെ ഇന്ത്യാ-അമേരിക്ക സൈനിക കരാറിന്റെ ഭാഗമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍
സോവിയറ്റ് യൂനിയന്റെ പതനത്തിന് ശേഷം ശക്തനായ മറ്റൊരു എതിരാളിയില്ലാതെ ഒറ്റയാനായി വിലസുന്ന അമേരിക്കക്ക് ചൈനയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും മുന്നേറ്റവും ഒരു പേടിസ്വപ്‌നമായി മാറിയിട്ടുണ്ട്. ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ ചൈന ഒന്നാം ശക്തിയായി മാറുമെന്നും തങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുമെന്നും പെന്റഗണ്‍ ഭയപ്പെടുന്നു. ഇതിനെതിരായ മുന്‍കരുതലെന്ന നിലയില്‍ ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനെതിരെ യൂറോപ്പില്‍ സജ്ജീകരിച്ചത് പോലെ ചൈനയെ ഉന്നമിട്ട് സഖ്യ ശക്തികളുടെ സഹകരണത്തോടെ ഏഷ്യാ-പസഫിക് മേഖലയില്‍ സൈനികത്താവളമൊരുക്കാന്‍ അമേരിക്കക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നതാണ്. ചൈനയുടെ അടിക്കടിയുള്ള അതിര്‍ത്തി കടന്നുകയറ്റം ഇന്ത്യക്കും കടുത്ത തലവേദനയായി മാറിയിട്ടുണ്ട്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഏഷ്യാ-പസഫിക് മേഖലയിലും ചൈനയുടെ സാന്നിധ്യം ഇന്ത്യയെ അലോസരപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാ ന്വേഷണ വിഭാഗം സെലക്ട് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഈ ആശങ്ക ചൂണ്ടിക്കാട്ടുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തോട് ഹെര്‍ബട്ട് കാര്‍ലൈനിന്റെ വെളിപ്പെടുത്തല്‍ ചേര്‍ത്തു വായിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഭയാശങ്ക അസ്ഥാനത്താണെന്ന് പറയാനാകില്ല.
ഇന്ത്യക്ക് ഒരു രാജ്യവുമായും സൈനിക കൂട്ടുകെട്ടില്ലെന്ന് ഡല്‍ഹി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ചേരിചേരാ നയം നിലനിന്നിരുന്ന കാലത്ത് പോലും അമേരിക്കയെ ഇന്ത്യ രഹസ്യമായി സഹായിച്ചിട്ടുണ്ട്. നെഹ്‌റുവിന്റെ ഭരണ കാലത്ത് 1962 ലെ ഇന്ത്യാ- ചൈനാ യുദ്ധം കഴിഞ്ഞയുടനെ അമേരിക്കന്‍ ചാരവിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാന്‍ ഇന്ത്യ വിമാനത്താവളം വിട്ടുനല്‍കിയിരുന്നു. വിവര സ്വാതന്ത്ര്യ നിയമപ്രകാരം വാഷിംഗ്ടണ്‍ പുറത്തു വിട്ടതാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ആര്‍ക്കൈവില്‍ സൂക്ഷിച്ച സി ഐ എയുടെ രഹസ്യ രേഖകളിലുള്ള ഈ വിവരം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപേക്ഷിക്കപ്പെട്ട ഒറീസയിലെ ചര്‍ബാഡിയ വിമാനത്താവളമാണ് ചൈനാ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ എത്തിയ അമേരിക്കന്‍ ചാരവിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാന്‍ അന്ന് വിട്ടുനല്‍കിയത്. ഇറാഖുമായുള്ള യുദ്ധ വേളയില്‍ സഖ്യകക്ഷികളുടെ യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലും സൗകര്യം നല്‍കിയിരുന്നു. ഏഷ്യയിലെ മറ്റാരേക്കാളും മികച്ച പങ്കാളി ഇന്ത്യയാണെന്ന് ഇതിനിടെ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്‌ളെയ്ക്ക് പറഞ്ഞത് വെറുതെയല്ല. രണ്ട് ദശാബ്ദങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിശാലതലത്തിലേക്ക് വളരുകയാണെന്നും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി കൂടുതല്‍ചര്‍ച്ച നടത്തുമെന്നും യു എസ് പ്രസിഡന്റ് ഒബാമയും പ്രസ്താവിച്ചിരുന്നു. ഇന്ത്യയില്‍ സൈനികത്താവളമുള്‍പ്പെടെ യുള്ള പദ്ധതികളായിരിക്കണം ഒബാമയുടെ ലക്ഷ്യം. യു എസ് കുതന്ത്രത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വീഴുമോ?