ഹരിത രാഷ്ട്രീയം : ആര്‍ എസ്.സി വിചാരസദസ്സ് സംഘടിപ്പിച്ചു

Posted on: August 23, 2013 11:34 pm | Last updated: August 23, 2013 at 11:49 pm
SHARE
RSC
ആര്‍ എസ് സി കള്‍ച്ചറല്‍ കൗണ്‍സില്‍ ദോഹ സോണ്‍ ‘ഹരിതരാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച വിചാരസദസ്സ് അഹ്മദ് പാതിരപ്പറ്റ (മാതൃഭൂമി) ഉദ്ഘാടനം ചെയ്യുന്നു

ദോഹ: വ്യക്തികളില്‍ തുടങ്ങി ഗാമങ്ങളിലൂടെ വികാസം പ്രാപിക്കുന്ന പരിസ്ഥിതി സ്‌നേഹത്തിലൂന്നിയ സാമൂഹിക മുന്നൊരുക്കങ്ങള്‍ക്ക് മാത്രമേ ഹരിതരാഷ്ട്രീയത്തിന്റെ നേര്‍പ്പകര്‍പ്പാകാന്‍ സാധിക്കൂ എന്ന് ദോഹ സോണ്‍ ആര്‍ എസ് സി കള്‍ച്ചറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ആര്‍ എസ് സി നാഷണല്‍ കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ടിന്റെ അധ്യക്ഷതയില്‍ അഹ്മദ് പാതിരപ്പറ്റ (മാതൃഭൂമി) ഉദ്ഘാടനം ചെയ്തു. അനുഭവവും അനുഭൂതിയും ഒന്നാകുന്ന വേളയില്‍ നാം ഒരു പ്രതിയോഗിയെ പോലെ പ്രകൃതിയോട് പെരുമാറുന്നത് ഉചിതമല്ല. പ്രകൃതിയുടെ വിഭവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതില്‍ സമചിത്തതയും ശരിബോധവും പാലിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാത്ത ദുരവസ്ഥ നിലവിലുണ്ട്. അതു തിരുത്തി മുന്നേറുന്നതിന് ക്രിയാത്മകവും കാര്യക്ഷമവുമായ ‘ഹരിതരാഷ്ട്രീയശക്തി’ യാണ് വേണ്ടത്. വികസനത്തിനും പുരോഗമനത്തിനും വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് സുതാര്യമായ ലക്ഷ്യവും മാര്‍ഗവും മുന്‍നിര്‍ത്തിയാകണം. ‘ആയുധീകരിക്കപ്പെടുക’ എന്നത് ശക്തിയായി ഗണിക്കുമ്പോഴാണ് നാം അണുവായുധ വിചാരങ്ങളെ താലോലിക്കുന്നതും അതിനായി കോപ്പ് കൂട്ടുന്നതും. ആഗോളതാപനം ഒരു മഹാവെല്ലുവിളിയാണ്. പരിസ്ഥിതി സൗഹൃദ വികസനങ്ങളെ കാര്യക്ഷമമാക്കുന്നതിനു ഹരിതരാഷ്ട്രീയ സങ്കല്‍പ്പം കൂടുതല്‍ ജനകീയമായി തീരേണ്ടതുണ്ടെന്നും സദസ്സില്‍ വിഷയമവതരിപ്പിച്ചവര്‍ പറഞ്ഞു. കൂടംകുളം പോലുള്ള വിഷയങ്ങളില്‍ ജനഹിതം പോലെ പ്രകൃതി താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് വിചാരസദസ്സില്‍ സംസാരിച്ചവര്‍ മുമ്പോട്ട് വച്ചു. ‘ഹരിതരാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്യാസ് മയ്യന്നൂര്‍(കെ എം സി സി), ഷംസീര്‍(സംസ്‌കൃതി) ജുനൈദ് കൈപ്പാണി (സോഷ്യലിസ്റ്റ് ജനത), മുഹ്‌സിന്‍ ചേലേമ്പ്ര (സിറാജ്), അബ്ദുസ്സലാം പാപ്പിനിശ്ശേരി(ഐ സി എഫ്), നൗഷാദ് അതിരുമട(പ്രവാസി രിസാല), മൂസ ഹാജി ചാലിക്കണ്ടി (ഫ്രണ്ട്‌സ് ഓഫ് തിരുവള്ളൂര്‍) തുടങ്ങിയവര്‍ വിവിധ തലങ്ങളെ പ്രതിനിധീകരിച്ചു. അഡ്വ.അബ്ദുസ്സമദ് പുലിക്കാട് വിഷയാവതരണം നടത്തി. മുജീബ്‌റഹ്മാന്‍ വടക്കെമണ്ണ മോഡറേറ്ററായിരുന്നു. ആര്‍ എസ സി ഖത്തര്‍ നാഷണല്‍ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ കുണ്ടുതോട്, കണ്‍വീനര്‍ അസീസ് കൊടിയത്തൂര്‍ സംബന്ധിച്ചു. അബ്ദുള്ള സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സഫീര്‍ പൊടിയാടി സ്വാഗതവും ഹാരിസ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു.