Connect with us

National

2ജി സ്‌പെക്ട്രം: കമ്പനികളുമായി യാതൊരു ബന്ധവുമില്ല- ടീനാ അംബാനി

Published

|

Last Updated

ന്യൂഡല്‍ഹി: താന്‍ ഒരു സാമൂഹിക പ്രവര്‍ത്തകയാണെന്നും ഭര്‍ത്താവിന്റെ കമ്പനികളുമായും ബിസിനസ്സ് കാര്യങ്ങളുമായും യാതൊരു ബന്ധവുമില്ലെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഭാര്യ ടീനാ അംബാനി. 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരായ ടീന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈനിക്ക് മുമ്പാകെയാണ് ഇങ്ങനെ പറഞ്ഞത്.
സ്വാന്‍ കമ്പനിയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും പ്രോസിക്യൂഷന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള സ്വാന്‍ ടെലികോം 2008ല്‍ സ്‌പെക്ട്രവും ലൈസന്‍സും നേടിയെടുത്തത് ചട്ടവിരുദ്ധമായാണ് എന്ന സി ബി ഐ വാദം തെളിയിക്കാനാണ് അനിലിനെയും ഭാര്യയേയും സാക്ഷികളായി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് കാണിച്ച് അനില്‍ അംബാനിയും ടീനാ അംബാനിയും നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച അനില്‍ കോടതിയില്‍ ഹാജരായിരുന്നു.
“റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. ഞാന്‍ സാമൂഹിക പ്രവര്‍ത്തകയാണ്. ആശുപത്രികള്‍ നടത്തുന്നു. കുടംബത്തെയും കുട്ടികളെയും നോക്കുന്നു. സ്വാന്‍ ടെലികോം എന്ന കമ്പനിയെക്കുറിച്ച് ഒന്നും അറിയില്ല”- ഇന്നലെ കോടതിയില്‍ ഹാജരായ ടീന പറഞ്ഞു. 2ജിയില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്ത യോഗത്തില്‍ ടീനാ അംബാനിയാണ് അധ്യക്ഷത വഹിച്ചതെന്നാണ് സി ബി ഐ പറയുന്നത്.
കുറ്റം ചുമത്തപ്പെട്ട മൂന്ന് റിലയന്‍സ് എക്‌സ്‌ക്യൂട്ടീവുകളെ അറിയുമോ എന്ന ചോദ്യത്തിന് രണ്ട് പേരെ തനിക്കറിയില്ലെന്ന് ടീന പറഞ്ഞു. ഗൗതം ദോഷിയെ അറിയും. അദ്ദേഹം നികുതി വിദഗ്ധനാണ്. ഒരു ദീപാവലി പാര്‍ട്ടിയില്‍ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബന്ധമുണ്ടോ എന്ന് അറിയില്ലെന്ന് അവര്‍ പറഞ്ഞു.
മിനിട്‌സിലെ ഒപ്പ് കാണിച്ച് പ്രോസിക്യൂട്ടര്‍ ചോദിച്ച ചോദ്യങ്ങളില്‍ നിന്ന് ടീന ഒഴിഞ്ഞുമാറി. ഒപ്പ് തന്റെതാണെങ്കില്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടാകാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമായതിനാല്‍ ഒന്നും കൃത്യമായി ഓര്‍ക്കുന്നില്ല. മുംബൈയില്‍ വന്ന് തന്റെ ആശുപത്രി സന്ദര്‍ശിക്കണമെന്ന് ജഡ്ജിയോട് ടീന പറഞ്ഞു. ഈ കേസ് കഴിഞ്ഞിട്ടാകാം എന്ന് ജഡ്ജി ഒ പി സൈനി മറുപടി നല്‍കുകയും ചെയ്തു.

---- facebook comment plugin here -----

Latest