യു എ ഇ പൈതൃകത്തിന്റെ പ്രതീകമായി ഖാഫ് മരങ്ങള്‍

Posted on: August 23, 2013 7:09 pm | Last updated: August 23, 2013 at 7:09 pm
SHARE

khaf treeരാജ്യത്തെ മരുഭൂമിയുടെ സാഹചര്യത്തില്‍ വളര്‍ന്നു പന്തലിക്കുന്ന പ്രധാന മരങ്ങിലൊന്നാണ് ഖാഫ് മരങ്ങള്‍. കേവലം മരുഭൂമിയിലെ പച്ചപ്പ് എന്നതിലപ്പുറം രാജ്യത്തിന്റെ തനിമയെയും പൈതൃകത്തെയും കൂടി ഈ മരങ്ങള്‍ വിളിച്ചോതുന്നുണ്ട്.
ഷജറത്തു ദീമഖ്‌റാതിയ്യ (ജനാധിപത്യം മരം) എന്നൊരു വിളിപ്പേര് ഖാഫ് മരങ്ങള്‍ക്ക് യു എ ഇയിലെ പുരാതന സമൂഹങ്ങളിലുണ്ടായിരുന്നുവെന്നാണ് ചരിത്രം. മരുഭൂമിയില്‍ തണല്‍ വിരിച്ചു പന്തലിച്ചു നില്‍ക്കുന്ന ഖാഫ് മരങ്ങളുടെ തണലില്‍ അതത് പ്രദേശങ്ങളിലെ ഗോത്രാംഗങ്ങള്‍ സമ്മേളിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു. ഇതിനാലാണ് ഖാഫ് മരങ്ങള്‍ക്ക് അന്നാട്ടുകാര്‍ ജനാധിപത്യമരം എന്നു പേരു നല്‍കിയത്.
ഖാഫ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും അവക്ക് സംരക്ഷണം നല്‍കുന്നതിനും യു എ ഇയിലെ ഭരണാധികാരികളും ജനങ്ങളും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ഖാഫ് മരങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു.
ഖാഫ് ഇനത്തില്‍പ്പെട്ട ഒരു മരവും മുറിച്ചു മാറ്റരുതെന്ന് അദ്ദേഹം എല്ലാവരോടും പ്രത്യേകം ആവശ്യപ്പെടുകയും ഈ വിഷയത്തില്‍ പ്രത്യേകം നിയമനിര്‍മാണം നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. രാജ്യത്ത് ഖാഫ് മരങ്ങള്‍ കൊണ്ടു മാത്രം പ്രത്യേകം ഗ്രീനറികള്‍ നിര്‍മിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു.
അതുകൊണ്ടു തന്നെ അബുദാബിയില്‍ മാത്രം ചെറുതും വലുതുമായ 60 ലക്ഷം ഖാഫ് മരങ്ങളുണ്ടെന്നാണ് കണക്ക്. 2006ല്‍ എമിറേറ്റ്‌സ് നാച്വറല്‍ ലൈഫ് സൊസൈറ്റി ‘ഖാഫ് മരങ്ങളെ രക്ഷിക്കുക’ എന്ന പ്രമേയത്തില്‍ ഇവയെ സംരക്ഷിക്കാന്‍ രാജ്യവ്യാപകമായി പ്രത്യേക ക്യാമ്പയിന്‍ നടത്തിയിരുന്നു. ആധൂനിക ശീതീകരണ സംവിധാനങ്ങളും മജ്‌ലിസുകളും ടെന്റുകളും വ്യാപകമാകുന്നതിനു മുമ്പ് പഴയ തലമുറക്കാര്‍ ഗാവ കുടിക്കാനും നാട്ടുകാര്യങ്ങളും കുടുംബക്കാര്യങ്ങളും ചര്‍ച്ച ചെയ്യാനും വേനല്‍ക്കാലത്തെ വൈകുന്നേരങ്ങള്‍ ചെലവഴിച്ചിരുന്നതും ഖാഫ് മരങ്ങള്‍ക്കു ചുവടെയായിരുന്നു.
ഖാഫ് മരങ്ങളുടെ തണലിലെ ഒത്തുചേരലുകള്‍ ആധുനികതക്ക് വഴിമാറിയെങ്കിലും ഇത്തരം മരങ്ങള്‍ ആ പൈതൃകത്തിന്റെ കണ്ണാടികളായി രാജ്യത്തിന്റെ പലഭാഗത്തും ഇന്നും ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നു. ഖാഫ് ഇനത്തിലുള്ള ചില വന്‍ മരങ്ങളെ ചുറ്റിപ്പറ്റി ജനവാസ സ്ഥലങ്ങള്‍ വരെ യു എ ഇയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. അത്രമാത്രം രാജ്യത്തിന്റെ പൈതൃകവുമായി ഖാഫ് മരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.