Connect with us

Gulf

ജുമൈറ മേഖലയിലെ സൈന്‍ ബോര്‍ഡുകള്‍: നഗരത്തിലെത്തുന്നവരെ കുഴക്കുന്നു

Published

|

Last Updated

ദുബൈ: നഗരത്തില്‍ പുതുതായി സന്ദര്‍ശകരായി എത്തുന്നവരെ ജുമൈറയിലെയും പരിസരങ്ങളിലെയും സൈന്‍ ബോര്‍ഡുകള്‍ കുഴക്കുന്നതായി പരാതി. മുമ്പുണ്ടായിരുന്ന പല സ്ഥല നാമങ്ങളും, മാറ്റി പുതിയ പേരുകള്‍ നല്‍കിയതാണ് പലര്‍ക്കും ലക്ഷ്യത്തിലെത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നത്. മുമ്പുണ്ടായിരുന്ന കമ്മ്യൂണിറ്റിയുമായി ബന്ധമുള്ള പേരുകള്‍ക്ക് പകരമാണ് പുതിയ പേരുകള്‍ അധികൃതര്‍ വിവിധ സ്ഥലങ്ങള്‍ക്കും തെരുവുകള്‍ക്കും നല്‍കിയിരിക്കുന്നത്.
സ്പ്രിംഗ്, മെഡോസ്, ജുമൈറ ലെയ്ക് ടവേഴ്‌സ്, എമിറേറ്റ്‌സ് ഹില്‍സ്, ലെയ്ക്‌സ്, ജുമൈറ ഐലന്റ് എന്നിങ്ങിനെയായിരുന്നു മുമ്പത്തെ പേരുകള്‍. ഇത്തരം പേരുകള്‍ നിലനിന്നപ്പോള്‍ ബന്ധുക്കളെ കാണാനും സന്ദര്‍ശനത്തിനും, വിവിധ ഓഫീസ് ആവശ്യങ്ങള്‍ക്കുമെല്ലാം എത്തിച്ചേരാന്‍ ഈ മേഖലയിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പമായിരുന്നു. വര്‍ഷങ്ങളായി കേട്ടും കണ്ടും പരിചിതമായതിനാല്‍ വേഗം എത്തിചേരാന്‍ ഈ പേരുകള്‍ സഹായിച്ചിരുന്നുവെന്ന് ചുരുക്കം. എന്നാല്‍ ഇന്ന് ഇവക്ക് പകരം തെരുവുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ പേരുകളില്‍ ഉള്‍പ്പെട്ട അല്‍ നസിം സ്ട്രീറ്റ്, അല്‍ സൊഹൂല്‍ സ്ട്രീറ്റ് എന്നിങ്ങിനെയുള്ളവ കണ്ടെത്തുക തികച്ചും പ്രയാസമാണെന്നാണ് പലരും പരാതിപ്പെടുന്നത്. ദുബൈയില്‍ പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നേടിയവര്‍ക്കും പേരുകളിലെ മാറ്റം ഉണ്ടാക്കുന്ന വിഷമം ചില്ലറയല്ല.
ലെയ്ക്‌സിലാണ് വര്‍ഷങ്ങളായി താമസിക്കുന്നതെങ്കിലും പുതിയ തെരുവ് നാമങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് യാത്രക്ക് സൃഷ്ടിക്കുന്നതെന്ന് ബെന്‍ വ്യക്തമാക്കി. ഇവിടുത്തെ ഒട്ടുമിക്ക സ്ഥലങ്ങളും എനിക്ക് പരിചിതമാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ പുതുതായി എത്തുന്നവര്‍ വട്ടം കറങ്ങുന്ന സ്ഥിതിയാണ്. പ്രധാനമായും തെരുവകളുടെ പേരുകളാണ് ആളുകള്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്നത്. പുതിയ തെരുവ് നാമങ്ങള്‍ ചോദിച്ചാല്‍ എന്നെപോലുള്ളവര്‍ പോലും കുഴങ്ങിപോകും.
ഡ്രൈവര്‍മാര്‍ക്ക് വഴി പറഞ്ഞു കൊടുക്കാന്‍ പലര്‍ക്കും ഇപ്പോള്‍ ഭയമാണ്. മുമ്പുണ്ടായിരുന്ന കമ്മ്യൂണിറ്റി നാമങ്ങളിള്‍ തെരുവിന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകളിലൊന്നും സ്ഥലപ്പേരില്ല. തെരുവിന്റെ പേര് മാത്രമാണുള്ളത്. അതും പേരിനൊപ്പം ഒന്ന്, രണ്ട് എന്നിങ്ങിനെ യുള്ള അക്കങ്ങള്‍ ചേര്‍ക്കുന്നതും പ്രയാസം ഇരട്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായമാണ് ജുമൈറ ലെയ്ക്‌സ് ടവേഴ്‌സില്‍ താമസിക്കുന്ന ആനിയും പങ്കുവെച്ചത്.
മുമ്പ് ഓരോ സൈന്‍ ബോര്‍ഡും വ്യക്തവും കൃത്യമായി വഴി മനസിലാക്കാന്‍ സാധിക്കുന്നതുമായ വിധത്തിലായിരുന്നു സജ്ജീകരിച്ചിരുന്നത്. ഇന്ന് സൈന്‍ ബോര്‍ഡുകള്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പോലും കടുത്ത തലവേദന സൃഷ്ട്ടിക്കുന്ന സ്ഥിതിയായിരിക്കയാണ്. പലരും വാഹനങ്ങളുമായി പോയ വഴി തന്നെ വീണ്ടും വീണ്ടും എത്തിച്ചേരാണ്ട ഇടം തപ്പി നടക്കേണ്ട സ്ഥിതിയിലായിരിക്കയാണ്. മുമ്പ് ജുമൈറ ലെയ്ക് ടവേഴ്‌സ് എന്ന് എഴുതിയിരുന്നതിന് പകരം ഇപ്പോഴത് അല്‍ സറായത്ത് സ്ട്രീറ്റാണ്. പലര്‍ക്കും ഈ തെരുവ് ജുമൈറയിലേക്ക് എത്തുന്നതാണെന്ന് ഇപ്പോള്‍ അറിയാത്ത സ്ഥിതിയായിരിക്കകയാണെന്നും അവര്‍ വിശദീകരിച്ചു.
ജുമൈറ ഐലന്റിന്റെ പേരിപ്പോള്‍ അല്‍ വുദൂദ് മൂന്ന് സ്ട്രീറ്റെന്നാക്കിയിരിക്കയാണെന്ന് ഇവിടെ താമസിക്കുന്നവരില്‍ ഒരാള്‍ വ്യക്തമാക്കി. എനിക്കും ഈ പേര് തുടക്കത്തില്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേ സ്ഥിതിയാണ് നഗരത്തിലെ ഒട്ടുമിക്ക സ്ട്രീറ്റുകളുടെയും റോഡുകളുടെയും കാര്യത്തിലെന്നും ഇവര്‍ സൂചിപ്പിച്ചു. മെഡോസിലെ ചോയ്ത്രം സൂപ്പര്‍ മാര്‍ക്കറ്റിന് അരുകില്‍ നിന്നും ജുമൈറ ഐലന്റ് ഭാഗത്തേക്ക് പോകാന്‍ ഏത് വഴി പോകാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയാത്ത സ്ഥിതിയായിരിക്കയാണെന്ന് ഇവിടെ താമസിക്കുന്ന സാം പറഞ്ഞു.
മെഡോസില്‍ നിന്നും ജുമൈറ ഐലന്റ് ഭാഗത്തേക്കുള്ള ദിശയില്‍ മൂന്ന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍ വൊറൂദ് രണ്ട് സ്ട്രീറ്റ്, അല്‍ അസായല്‍ സ്ട്രീറ്റ്, അല്‍ വജീഹ അല്‍ ബഹ്രിയ്യ ആന്‍ഡ് അല്‍ വൊറൂദ് മുന്ന് സ്ട്രീറ്റ് എന്നിങ്ങിനെയാണ് ഇവയില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ നോക്കി എങ്ങിനെയാണ് ഒരാള്‍ക്ക് ജുമൈറ പാര്‍ക്ക്, ജുമൈറ ഐലന്റ്, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുകയെന്നും സാം ചോദിക്കുന്നു.

Latest