സോളാര്‍ കേസില്‍ ടെന്നി ജോപ്പനും ശാലുവിനും ജാമ്യം

Posted on: August 23, 2013 10:55 am | Last updated: August 24, 2013 at 12:33 pm
SHARE

Solarകൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ് സതീശ് ചന്ദ്രനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ശാലുവിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ശാലുവിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം ശാലുവിനെതിരായ രണ്ടു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു കോടതി. കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. ജോപ്പന്റെയും,ശാലുമേനോന്‍രെയും ജാമ്യാപേക്ഷകള്‍ സതീഷ്ചന്ദ്രന്‍ ബെഞ്ച്്് നേരത്തെ തള്ളിയിരുന്നു. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ ജൂണ്‍ 28നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ജോപ്പന്‍ അറസ്റ്റിലായത്.