ജനറല്‍ ആശുപത്രിയില്‍ എസ് എന്‍ സി യു ചോര്‍ന്നൊലിക്കുന്നു

Posted on: August 23, 2013 6:08 am | Last updated: August 23, 2013 at 8:08 am
SHARE

മഞ്ചേരി: അരക്കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച അത്യാധുനിക സ്‌പെഷ്യലൈസ്ഡ് ന്യൂബോണ്‍ കെയര്‍ യൂണിറ്റ് ചോര്‍ന്നൊലിക്കുന്നു. നിര്‍മാണത്തിലെ അപാകതയാണ് കാരണം. ഏഴു മാസങ്ങള്‍ക്ക് മുമ്പ് എല്ലാ ജോലികളും പൂര്‍ത്തിയാക്കിയതാണിത്. പി ഡബ്ല്യു ഡി ബില്‍ഡിംഗ് വിഭാഗം മഞ്ചേരി ജനറല്‍ ആശുപത്രിയിലെ രണ്ടാം നിലയിലാണ് ശിശു ആരോഗ്യ സംരക്ഷണ കേന്ദ്രം പണിതത്.
അണുബാധയും ചോര്‍ ച്ചയും കാരണം ഉദ്ഘാടനത്തില്‍ അനുമതി ലഭിക്കാതെ നോക്കുകുത്തിയായി മാറിയത്. എന്‍ ആര്‍ എച്ച് എം 52 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചാണ് ഐ സി യു പണി പൂര്‍ത്തിയാക്കിയത്. പത്ത് ബേബി വാമര്‍, നിയോനേറ്റര്‍, വായുവില്‍ നിന്ന് രോഗികള്‍ക്ക് നേരിട്ട് ഓക്‌സിജന്‍ നല്‍കുന്ന ആധുനിക സംവിധാനം, മരുന്നും ആഹാരവും സമയാമസയങ്ങളില്‍ ശിശുക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതിനു സജ്ജീകരിച്ച ഉപകരണമായ ടൈ സെറ്റ് സിറിഞ്ച്, സ്വയം നിയന്ത്രിക്കാന്‍ പറ്റുന്ന ശീതികരണ-അണു നശീകരണ സംവിധാനം തുടങ്ങി ഏറ്റവും നൂതന സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഹൈടെക് ആശുപത്രികളില്‍ മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍.
സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ മഞ്ചേരി ജനറല്‍ ആശുപത്രിക്കാണിത് അനുവദിച്ചത്. 28 ദിവസം പ്രായമുള്ള നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന എന്ത് രോഗത്തിനും ഇവിടെ ആധുനിക ചികിത്സ ലഭിക്കും. ഇപ്പോള്‍ ഇത്തരം കേസുകള്‍ റഫര്‍ ചെയ്യുകയാണ്. ശിശു ആരോഗ്യ സംരക്ഷണ സമിതി കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ ഒരു സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി.