നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് ഫീസ് ഇടാക്കുന്നു

Posted on: August 23, 2013 7:06 am | Last updated: August 23, 2013 at 8:07 am
SHARE

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ നഗരമധ്യത്തിലുള്ള ഹൈടെക് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിര്‍ത്തിയിടുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നു.
കാറുകള്‍ക്ക് മണിക്കൂറിന് 20 രൂപ, മോട്ടോര്‍ ബൈക്കിന് അഞ്ച് രൂപ, ഓട്ടോറിക്ഷകള്‍ക്ക് പത്ത് രൂപ എന്നിങ്ങനെയാണ് നഗരസഭ ഫീസ് ഈടാക്കികൊണ്ടിരിക്കുന്നത്. ഇതിനായി രണ്ട് വനിതാ ജീവനക്കാരെയും നിയമിച്ചു. ബുധനാഴ്ച മുതല്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്ന സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. അതേ സമയം നഗരസഭ ഇത്തരത്തിലൊരു തീരുമാനം എടുത്തതായി നഗരസഭ സെക്രട്ടറി, പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് എന്നിവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുള്ളതാണറിവ്. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാല് റോഡുകളിലെയും ഒരു നിശ്ചിതദൂരം വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ പോലീസ് സ്ഥാപിച്ചപ്പോള്‍ നഗരത്തിലെത്തുന്നവര്‍ക്ക് കോംപ്ലക്‌സിലെ ഈ സ്ഥലമായിരുന്നു അല്‍പാശ്വാസമായിരുന്നത്. ഇരുചക്രവാഹനമുടമകള്‍ക്കാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കുന്നത്. അതേ സമയം മാര്‍ക്കറ്റിനകത്ത് കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാനാകാത്ത വിധത്തില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നത് അധികാരികള്‍ കണ്ടെല്ലെന്നുള്ള ഭാവം ഉചിതമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.