കാളികാവ് പഞ്ചായത്ത് ഓഫീസില്‍ ബഹളം ഗ്യാസ് ഏജന്‍സി മാറ്റുന്നതിനുള്ള ക്യാമ്പ് മുടങ്ങി

Posted on: August 23, 2013 6:06 am | Last updated: August 23, 2013 at 8:06 am
SHARE

കാളികാവ്: ഗ്യാസ് ഏജന്‍സി മാറ്റുന്നതിന് ഇന്നലെ നടത്താന്‍ നിശ്ചയിരുന്ന ക്യാമ്പ് മുടങ്ങി. ഇത് പഞ്ചായത്ത് ഓഫീസില്‍ ബഹളത്തിനിടയാക്കി. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഗ്യാസ് ഏജന്‍സി മാറ്റുന്നതിനുള്ള ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്യാമ്പ് മുടങ്ങിയതോടെ പഞ്ചായത്ത് ഓഫീസില്‍ എത്തിയ ഗുണഭോക്താക്കള്‍ ബഹളം വെച്ചു. പ്രകോപിതരായ ജനക്കൂട്ടത്തെ പോലീസെത്തിയാണ് പിരിച്ച് വിട്ടത്.
കാളികാവ് ചോക്കാട് പഞ്ചായത്തുകളിലെ ഭാരത് ഗ്യാസ് ഗുണഭോക്താക്കള്‍ പെരിന്തല്‍മണ്ണയിലെ ഏജന്‍സിക്ക് കീഴിലായിരുന്നു. എടവണ്ണയില്‍ ഭാരത് ഗ്യാസ് ഏജന്‍സി നിലവില്‍ വന്നതോടെ കാളികാവ് മേഖലയിലുള്ള ഗുണഭോക്താക്കളെ അങ്ങോട്ട് മാറ്റുന്നതിന് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുന്‍കൈ എടുത്ത് കാളികാവ് ടി ബി യില്‍ ഇന്നലെ ക്യാമ്പ് നടത്തുമെന്ന് അറിയിച്ചിരുന്നു. മുസ്‌ലിം ലീഗ് മുന്‍കൈ എടുത്ത് നടത്താനിരുന്ന ക്യാമ്പ് പണപ്പിരിവ് നടത്തുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുടക്കിയതായി മുസ്‌ലിലീഗ് ആരോപിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശപ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ക്യാമ്പ് നടത്താനുള്ള തീരുമാനം ഭരണകക്ഷിയില്‍ പെട്ട മുസ്‌ലിം ലീഗ് നേതൃത്വം ചോദ്യം ചെയ്യുകയും പണപ്പിരിവ് നടത്തിയതായി ഉയര്‍ന്ന ആരോപണം ശക്തമായി നിഷേധിക്കുകയും ചെയ്തു. ലീഗ് സംഘടിപ്പിച്ച ക്യാമ്പ് മുടക്കി കോണ്‍ഗ്രസ് ഏക പക്ഷീയമായാണ് യു ഡി എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് മുസ്‌ലിം ലീഗ് സെക്രട്ടറി പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് ഗ്യാസ് ഏജന്‍സി പിന്‍മാറിയതോടെയാണ് ക്യാമ്പ് മുടങ്ങിയത്.
ഗ്യാസ് ഏജന്‍സി മാറ്റുന്നതിന് നിരവധിപേരാണ് രാവിലെ തന്നെ കാളികാവ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയത്. പത്ത് മണിയായിട്ടും ഓഫീസില്‍ ആരും എത്താത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ബഹളം വെക്കുകയായിരുന്നു. കാളികാവ് ഗ്രേഡ് എസ് ഐ. ഇ വി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം കാളികാവ് ചോക്കാട് പഞ്ചായത്തുകളില്‍ നിന്നായി എത്തിയ ജനങ്ങളോട് അടുത്ത ദിവസം തന്നെ ക്യാമ്പ് നടത്തുമെന്ന് പോലീസ് അറിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പിരിഞ്ഞ് പോയത്.