ഇറാന്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിന് ഇടപെടും: അബ്ദുര്‍റബ്ബ്

Posted on: August 23, 2013 6:03 am | Last updated: August 23, 2013 at 8:04 am
SHARE

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പിടികൂടപ്പെട്ട് ഇറാന്‍ ജയിലില്‍ അടക്കപ്പെട്ട മൂന്ന് മലയാളി യുവാക്കളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചതായി മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. ഇവരുടെ കുടുംബത്തിന് സമാശ്വാസമായി ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇറാന്‍ തടവറയില്‍ കഴിയുന്ന യുവാക്കളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെയയായും ഒന്നും ചെയ്തില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇതിനിടെ യുവാക്കളുടെ കുടുംബങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുന്നതും ആലോചിച്ചുവരികയായിരുന്നു. 16 തമിഴ്‌നാട്ടുകാരടക്കം 19 പേരാണ് ഇങ്ങനെ പിടിക്കപ്പെട്ട് ഇറാന്‍ ജയിലില്‍ കുടുംബങ്ങളുമായി പോലും ബന്ധമില്ലാതെ മാസങ്ങളായി കഴിയുന്നത്. തമിഴ്‌നാട് സര്‍ക്കാരുമായി യോജിച്ചായിരിക്കും ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.