തുവ്വക്കാട് സെക്ഷന്‍ ഓഫീസ് അനുവദിച്ചിട്ട് ഒരു വര്‍ഷം; ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല

Posted on: August 23, 2013 7:02 am | Last updated: August 23, 2013 at 8:02 am
SHARE

കല്‍പകഞ്ചേരി: വളവന്നൂര്‍ പഞ്ചായത്തിലെ തുവക്കാട്ട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരു വര്‍ഷത്തിലേറെയായിട്ടും ഓഫീസ് ഇനിയും പ്രവര്‍ത്തനം ആരംഭിച്ചില്ലെന്ന് ആക്ഷേപം. പ്രദേശത്തെയും പരിസര ഭാഗങ്ങളിലേയും ഉപഭോക്താക്കളുടെ വൈദ്യുതി തകരാര്‍ പരിഹരിക്കാനും ഇത് സംബന്ധമായി കാര്യങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഉദ്ദേശ ലക്ഷ്യം വെച്ച് ഏറെ കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് ഈ ഭാഗത്ത് സെക്ഷന്‍ ഓഫീസ് അനുവദിച്ചത്. പുത്തനത്താണി സെക്ഷന്‍ വിഭജിച്ചാണ് തുവക്കാട്ട് സെക്ഷന്‍ ഓഫീസ് അനുവദിച്ചത്. ഓഫീസ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് വാരണാക്കര ഇന്റഗ്രേഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് യോഗം (ഐ സി സി) ആവശ്യപ്പെട്ടു. തൂവ്വക്കാട്, കന്മനം മേഖലയില്‍ വൈദ്യുതി തടസ്സപ്പെടും വിധം ലൈന്‍ ഓഫാക്കുന്നത് പതിവാണെന്നും യോഗം ആരോപിച്ചു. ഫസലുദ്ധീന്‍ വാരണാക്കര ഉദ്ഘാടനം ചെയ്തു. സൈനുദ്ധീന്‍ തയ്യില്‍, ഐ വി നസീബ്, എ അഹമ്മദ് കുട്ടി, ടി കുഞ്ഞിമുഹമ്മദ്, മജീദ് അയനിക്കടവത്ത്, ടി എ ഇബ്രാഹീം കുട്ടി, കെ മുഹമ്മദലി, ടി സുരേഷ് പ്രസംഗിച്ചു.