പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊന്നു

Posted on: August 23, 2013 7:00 am | Last updated: August 23, 2013 at 8:00 am
SHARE

നിലമ്പൂര്‍: കരുളായി പഞ്ചായത്തിലെ മൈലമ്പാറ, മുല്ലപ്പള്ളി, ലക്ഷംവീട്, കൊയലമുണ്ട ഭാഗങ്ങളില്‍ നാല് മണിക്കൂര്‍ നേരം പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ പോലീസും വനപാലകരും ചേര്‍ന്ന് വെടിവെച്ചുകൊന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ ജയിംസ് മാത്യുവാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ അനുമതി നല്‍കിയത്. കാട്ടുപോത്തിന്റെ പരാക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും അര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് താഴെ മൈലമ്പാറയില്‍ കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്. കാങ്കട മുഹമ്മദിന്റെ ഭാര്യ ആഇശയെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് മുല്ലപ്പള്ളി ഭാഗത്ത് എത്തി നിരവധി വീടുകളില്‍ നാശം വിതച്ചു. പിന്നീട് മേലേ മൈലമ്പാറയിലും പോത്ത് പരാക്രമം നടത്തി. പോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ചങ്ങലശ്ശേരി അലവിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലപ്പള്ളി തുപ്പിലിക്കാടന്‍ മമ്മോട്ടി, വാട്ടര്‍ ടാങ്കും ടാങ്ക് വെച്ച തറയും തുപ്പിലിക്കാടന്‍ അബൂബക്കറിന്റെ ഓട്ടോയുടെ ഒരു ഭാഗം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. തൊണ്ടിയന്‍ അബൂബക്കറിന്റെ വീടിന്റെ ഒരു വാതില്‍ ഇടിച്ച് തകര്‍ത്തിട്ടുമുണ്ട്. തൊണ്ടിയന്‍ മുഹാജിന്റെ ബൈക്കും തകര്‍ത്തു.
നാല് മണിക്കൂര്‍ നേരം പരാക്രമം നടത്തിയ കാള മുല്ലപ്പള്ളിയിലെ റജിയുടെ പറമ്പില്‍ തമ്പടിക്കുകയായിരുന്നു. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരം എ എസ് ഐ. കെ ടി റോയി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ആദ്യ വെടിയില്‍ നൂറ് മീറ്ററോളം ഓടിയ കാളയെ വീണ്ടും വെടി വെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ജെ സി ബി ഉപയോഗിച്ച് പൊക്കിയെടുത്ത് നെടുങ്കയത്തെത്തിച്ച് വെറ്റിനറി ഡോക്ടര്‍ സജി തോപ്പില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു.