വിദ്യാര്‍ഥികളെ ഉപയോഗിച്ച് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പ്പന

Posted on: August 23, 2013 7:55 am | Last updated: August 23, 2013 at 7:55 am
SHARE

കോട്ടക്കല്‍: സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് പാന്‍ ഉത്പ്പന്നങ്ങളും ഇതര ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘം വ്യാപകമാകുന്നു. കോട്ടക്കല്‍, എടരിക്കോട് ഭാഗങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വില്‍പ്പന നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവര്‍ മുഖേന പ്രദേശങ്ങളില്‍ വില്‍പ്പന നടക്കുന്നുണ്ട്.

ഇതിനായി പ്രത്യേക സംഘം തന്നെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് ഇവിടെ വെച്ച് സാധനം കൈമാറുകായാണ് ചെയ്യുന്നത്. പാന്‍ ഉത്പ്പന്നങ്ങള്‍ നിരോധിച്ചതിന് ശേഷമാണ് കുട്ടികളെ ഇതിനായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. സ്‌കൂളുകളില്‍ ലഹരിക്കെതിരായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. സംഘങ്ങള്‍ കുട്ടികള്‍ ക്ലാസിലെത്തുമ്പോഴും ഇടവേളകളിലും വഴിയില്‍ വെച്ച് കൈമാറുകയാണ് ചെയ്യുന്നത്. ഇതെ സംഘം തന്നെ അശ്ലീല സിനിമകളും മറ്റും കുട്ടികള്‍ക്ക് നല്‍കുന്നതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്ക് പാന്‍ പരാഗ് കൈമാറുന്നത് നാട്ടുകാര്‍ ഇടപ്പെട്ട് പിടികൂടിയിരുന്നു. സ്‌കൂള്‍ പരിസരത്ത് വെച്ച് ഇവ കൈമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചാണ് കുട്ടികളില്‍ നിന്നും പിടികൂടിയത്.
ചങ്കുവെട്ടി, എടരിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘം കേന്ദ്രമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ വിവരം. സ്‌കൂള്‍ കുട്ടികളില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവം പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. വിതരണം ചെയ്ത സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അേന്വഷണ നടപടി ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.