യുവാക്കളെ വശീകരിച്ച് പണം തട്ടുന്ന സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയില്‍

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:56 pm
SHARE

ആലപ്പുഴ: മൊബൈല്‍ ഫോണിലൂടെ ചെറുപ്പക്കാരെ വശീകരിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന 38 കാരിയായ സ്ത്രീ, ഇവരുടെ സഹായികളായ മാവേലിക്കര പുതുച്ചിറയില്‍ ജോയിയുടെ മകന്‍ അനീഷ് (28), മാവേലിക്കര ചെറുകോല്‍ മുദാംമുട്ടിയില്‍ പൊന്നച്ചനെന്ന ഡേവിഡ് (42) എന്നിവരാണ് അറസ്റ്റിലായത്. കേസിനെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: അറസ്റ്റിലായ സ്ത്രീ ബസ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റും കറങ്ങി ചെറുപ്പക്കാര്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുകയും പിന്നീട് ഇവരെ വശീകരിച്ച് മാവേലിക്കരയിലേക്ക് വരുത്തി പുരുഷന്മാര്‍ പണവും ആഭരണങ്ങളും മൊബൈലും മറ്റും പിടിച്ചു പറിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചും അവിഹിത ബന്ധത്തിനെത്തിയതാണെന്ന് എഴുതിവാങ്ങും. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. ഇപ്രകാരം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. പലരും നാണക്കേട് ‘ഭയന്ന് പരാതി നല്‍കിയിട്ടില്ലെന്നും തട്ടിപ്പിലൂടെ കിട്ടുന്ന പണം സംഘംവീതിച്ചെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.