സി പി എം നേതാവിന്റെ തിരോധാനത്തിന് ഏഴ് വര്‍ഷം; ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:55 pm
SHARE

കണ്ണൂര്‍: സി പി എം നേതാവും ബേങ്ക് മാനേജരുമായ യുവാവിന്റെ ദുരൂഹ തിരോധാനം സംബന്ധിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം. കണ്ണൂരിലെ ചെറുതാഴം കുന്നുമ്പ്രം സ്വദേശിയും ചെറുതാഴം സഹകരണ ബേങ്ക് മാനേജരുമായ വി വി പ്രേമരാജന്റെ (45) തിരോധാനത്തിന്റെ അന്വേഷമാണ് വഴിമുട്ടിയത്. ആദ്യം റെയില്‍വേ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് പ്രേമരാജന്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. 2006 ആഗസ്റ്റ് 12 ന് അര്‍ധരാത്രി ട്രെയിന്‍ യാത്രക്കിടെയാണ് കാണാതായത്.

സഹകരണ വകുപ്പ് ജീവനക്കാര്‍ക്കായി തിരുവനന്തപുരം മണ്‍വിളയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് മലബാര്‍ എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍വെച്ചാണ് പ്രേമരാജനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കെ വി പത്മനാഭന്റെ പരാതിയില്‍ കേസെടുത്ത് റെയില്‍വേ പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ നേരില്‍ കണ്ട് അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ക്രൈം ബ്രാഞ്ച് ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുത്തു. എന്നാല്‍ പിന്നീട് അന്വേഷണം മരവിച്ചു. ഇതേത്തുടര്‍ന്ന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ അനുമതി ലഭിച്ചില്ല. പല തവണ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നുവെന്ന ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.
തിരുവനന്തപുരത്ത് നിന്നും മടങ്ങുന്നതിനിടെ പ്രേമരാജന്റെ മൊബൈലില്‍ വന്ന ചില കോളുകളാണ് തിരോധാനത്തിന് വഴിവെച്ചതെന്നാണ് കരുതുന്നത്. ഈ കോളുകള്‍ വന്നതിന് ശേഷം ഇയാള്‍ അസ്വസ്ഥനായിരുന്നുവത്രെ. പിന്നീട് ഷൊര്‍ണൂരില്‍ വെച്ച് ബര്‍ത്തില്‍ ആളെ കാണാതായ വിവരമാണ് സഹയാത്രക്കാര്‍ അറിയുന്നത്. യുവാവിന്റെ മൊബൈല്‍ ഫോണും പഴ്‌സും ഏതാനും വസ്ത്രങ്ങളും കാണാതായിരുന്നു. എന്നാല്‍ ബ്രീഫ് കേസും മറ്റും ബര്‍ത്തില്‍ തന്നെയുണ്ടായിരുന്നു. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പാര്‍ട്ടി നേതൃത്വത്തിന്റെയോ പ്രവര്‍ത്തകരുടെയോ ഭാഗത്ത് നിന്നും അന്വേഷണത്തിന് യാതൊരു താത്പര്യവും ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. ഊഹാപോഹങ്ങള്‍ പലതും പ്രചരിച്ചു. ബേങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളായിരുന്നു പലതും. മൈസൂര്‍, ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു. കേസില്‍ പോലീസ് യാതൊരുവിധ ശാസ്ത്രീയ പരിശോധനകള്‍ക്കും തയാറായില്ലെന്നും #േആക്ഷേപമുണ്ട്. അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ മുന്‍കൈയെടുത്തവര്‍ക്ക് ഫോണില്‍ ഭീഷണി വന്നതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.