കവര്‍ച്ച നടത്തുന്നതിനിടെ നാലംഗ സംഘം അറസ്റ്റില്‍

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:55 pm
SHARE

കണ്ണൂര്‍: മലപ്പുറം മുതല്‍ മംഗലാപുരം വരെയുള്ള സ്ഥലങ്ങളില്‍ നിരവധി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ഷിമോഗ മല്ലുഗുപ്പയിലെ അളഗറിന്റെ മകന്‍ രവി (24), സഹോദരന്‍ വേലു (28), വയനാട് പുല്‍പ്പള്ളി പേര്യ രാജീവ് നഗറില്‍ കോളനിയില്‍ മണികണ്ഠന്‍ (32), പാനൂരിനടുത്ത പെരിങ്ങളത്ത് മുത്തപ്പന്‍ (19) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് കണ്ണൂരിനടുത്ത ചാലാട് കുഴിക്കുന്നിലെ ഒരു വീട്ടില്‍ കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായത്. ടൗണ്‍ ഡി വൈ എസ് പി. പി സുകുമാരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി ഇവരെ അറസ്റ്റു ചെയ്തത്.

സംഘത്തിലെ രണ്ട് പേര്‍ വീടിന്റെ മതിലിന് മുകളിലും അഞ്ച് പേര്‍ മതിലിന് താഴെയും നില്‍ക്കുകയായിരുന്നു. പോലീസിനെ കണ്ട് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ടി രാജൂട്ടി എന്ന കണ്ണന്‍, താറോട് എന്ന ഗണേശന്‍, ശെല്‍വന്‍ എന്ന സുരേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. മോഷണസംഘത്തിന് സഹായം നല്‍കാനായി ചില സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം.
സ്ത്രീകള്‍ പകല്‍ സമയങ്ങളില്‍ ബസ്സുകളില്‍ മാല കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രിസാധനങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേന പകല്‍ സമയങ്ങളില്‍ അലഞ്ഞുതിരിയുന്ന സ്ത്രീകള്‍ വീടുകള്‍ കണ്ടുവച്ച് പുരുഷന്മാരോടു പറയും. രാത്രി സിനിമ കണ്ട ശേഷം 10 ഉം 20 ഉം കിലോമീറ്ററുകള്‍ നടന്ന്് നേരത്തെ കണ്ടുവച്ച വീടുകളിലെത്തി പുരുഷന്മാര്‍ കവര്‍ച്ച നടത്തുകയായിരുന്നു പതിവ്. മാനന്തവാടി, താഴങ്ങാടി, താഴെ ചൊവ്വ, പുല്‍പ്പള്ളി, പയ്യോളി, വടകര, തിക്കോടി, വളപട്ടണം, കണ്ണപുരം എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നു.
പിടിയിലായ രവിയുടെ കൈയിലുണ്ടായിരുന്ന ഒരു മോതിരമാണ് അന്വേഷണത്തില്‍ വഴിത്തിരവായത്. 2012 ഒക്ടോബര്‍ 14 നു പുലര്‍ച്ചെ മുണ്ടയാട് കറുവന്‍ വൈദ്യര്‍ പീടികക്ക് സമീപത്തെ സജിത്തിന്റെ സഹോദരന്‍ നവീനിന്റെ ഭാര്യാവീട്ടില്‍ നിന്ന് ആറ് പവന്‍ മോഷ്ടിക്കുകയും വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ആക്രമിച്ച് ഒന്നര പവന്‍ മാല പൊട്ടിച്ചെടുക്കുകയും ചെയ്തിരുന്നു. നവീനിന്റെ ഭാര്യയുടെ മോതിരമാണ് ഇപ്പോള്‍ കണ്ടെടുത്തത്.
അടുത്തകാലത്ത് മയ്യിലിലും ചക്കരക്കല്ലിലും സമാനരീതിയിലുള്ള കവര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനു പിന്നിലും ഈ സംഘമാണെന്നു പോലീസ് കരുതുന്നു. ഇവരെ സഹായിച്ച സ്ത്രീകളെയും കേസില്‍ പ്രതികളാക്കും. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചാമുതലുകള്‍ വാങ്ങിക്കുന്നതിനായി ഒരു സംഘം തന്നെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.