മുന്നണി നില നിര്‍ത്താന്‍ പി സി ജോര്‍ജിനും യൂത്ത് കോണ്‍ഗ്രസിനും ബാധ്യതയുണ്ട്: സാദിഖലി

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:54 pm
SHARE

കൊച്ചി: സംസ്ഥാന ഭരണം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന്് യൂത്ത് ലീഗ്. കോണ്‍ഗ്രസും മുസ്‌ലിംലീഗുമായുള്ള പ്രശ്‌നം മുഴുവനായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പി എം സാദിഖലി പറഞ്ഞു. യു ഡി എഫിലെ പ്രശ്‌നം ഘടകകക്ഷികളുമായുള്ളതല്ല, അത് കോണ്‍ഗ്രസിലേതാണ്. അത് ഒരളവു വരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്നണി സംവിധാനം നിലനിര്‍ത്താന്‍ പി സി ജോര്‍ജിനും യൂത്ത് കോണ്‍ഗ്രസിനും ഒരു പോലെ ബാധ്യതയുണ്ടെന്ന് സാദിഖലി പറഞ്ഞു.

തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ വര്‍ഗീയതയുടെ ഗുണഫലം മുസ്‌ലിംലീഗിന് ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മുസ്‌ലിം ശാക്തീകരണത്തില്‍ ലീഗിന് വ്യക്തമായ പങ്കുണ്ട്. കേരളത്തിലെ മുസ്‌ലിം ശാക്തീകരണം കൊണ്ട് ഭൂരിപക്ഷത്തിന് ഒന്നും നഷ്ടമായിട്ടില്ല. അത്തരത്തിലുള്ള പ്രചാരണം വിദ്വേഷ രാഷ്ട്രീയമാണെന്നും ഇതുകൊണ്ട് ഗുണം ഉണ്ടാകുന്നത് ഫാസിസ്റ്റ് ശക്തികള്‍ക്കാണെന്നും പറഞ്ഞ സാദിഖലി മറ്റ് സമുദായങ്ങളും ശാക്തീകരിക്കപ്പെടണമെന്നതാണ് ലീഗ് നിലപാടെന്നും വ്യക്തമാക്കി.