ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി:ശിക്ഷിക്കപ്പെട്ടവര്‍ സഭയില്‍ തുടരും

Posted on: August 23, 2013 6:00 am | Last updated: August 23, 2013 at 11:05 am
SHARE

supreme courtന്യൂഡല്‍ഹി:രാഷ്ട്രീയത്തിലെ ക്രമിനല്‍വത്കരണം തടയാനുള്ള സുപ്രീം കോടതി ഇടപെടല്‍ ഫലം കാണില്ലെന്ന് ഉറപ്പായി. പരമോന്നത കോടതിയുടെ സുപ്രധാന വിധി മറികടക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ (റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട്) കൊണ്ടുവന്ന ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേസുകളില്‍ കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ട എം പിമാരെയും എം എല്‍ എമാരെയും അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിയാണ് ഇതോടെ മറികടക്കപ്പെടുന്നത്. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട അന്ന് മുതല്‍ അംഗം സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടുമെന്നാണ് ജൂലൈ പത്തിന് കോടതി വിധിച്ചത്. ശിക്ഷിക്കപ്പെട്ട എം പി അല്ലെങ്കില്‍ എം എല്‍ എ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ സഭയില്‍ തുടരാമെന്ന് വ്യവസ്ഥ ചെയ്യുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് നാലാം ഉപ വകുപ്പ് ഇതോടെ അസാധുവായിരുന്നു.

ഇന്നലെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ഭേദഗതികള്‍ പ്രകാരം അപ്പീല്‍ പരിഗണനയിലിരിക്കുന്ന അംഗത്തെ അയോഗ്യനാക്കാനാകില്ല. ശിക്ഷ സ്റ്റേ ചെയ്യപ്പെട്ടാലും അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടും. എന്നാല്‍, ഇത്തരം അംഗങ്ങള്‍ക്ക് സഭയില്‍ വോട്ടവകാശം ഉണ്ടായിരിക്കില്ല. ശമ്പളവും ലഭിക്കില്ല. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ ഈ നില തുടരും. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപ വകുപ്പില്‍ ഒരു അനുച്ഛേദം ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്യുന്നത്.
സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നത് മുതല്‍ ഭേദഗതിക്ക് പ്രാബല്യമുണ്ടാകും. കേസില്‍ കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ട പാര്‍ലിമെന്റ്, നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കണമെന്നും ജയിലില്‍ കഴിയുന്നവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നുമുള്ള സുപ്രീം കോടതി വിധികള്‍ മറികടക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടിരുന്നു. നിയമനിര്‍മാണ സഭയുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഭേദഗതി അനിവാര്യമാണെന്നായിരുന്നു സര്‍വകക്ഷി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതില്‍ സമവായം ഉണ്ടാക്കിയിട്ടുണ്ടെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍ നാഥ് വ്യക്തമാക്കിയിട്ടുമുണ്ട്.
ജനപ്രതിനിധികള്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമം റദ്ദാക്കിക്കൊണ്ടാണ് വിചാരണാ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുമ്പോള്‍ തന്നെ ജനപ്രതിനിധികളെ അയോഗ്യരാക്കാമെന്ന് ജസ്റ്റിസുമാരായ എ കെ പട്‌നായിക്, എസ് ജെ മുഖോപധ്യായ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നത്. സന്നദ്ധ സംഘടനയായ ലോക് പ്രഹരി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു വിധി.
പാര്‍ലിമെന്റ് അംഗങ്ങളില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെയുള്ള 4,835 എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമിടയില്‍ 1448 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണക്ക്. ഇവരില്‍ 641 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. 543 ലോക്‌സഭാ അംഗങ്ങളില്‍ 162 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.