കാലിക്കറ്റ് സര്‍വകലാശാലയില്‍ ‘മൂല്യം അമൂല്യം’ പരമ്പരക്ക് തുടക്കമായി

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:27 pm
SHARE

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളില്‍ മൂല്യബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് സര്‍വകലാശാല ആവിഷ്‌കരിച്ച ‘’മൂല്യം അമൂല്യം’’ എന്ന തുടര്‍ പരിപാടിക്ക് ചലചിത്രതാരം ക്യാപ്റ്റന്‍ രാജുവിന്റെ പ്രഭാഷണത്തോടെ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍വകലാശാലക്ക് കീഴിലെ എല്ലാ കോളജുകളിലെയും വിവിധ പഠന വകുപ്പുകളിലെ ഓരോ വിദ്യാര്‍ഥിയെ വീതം ഉള്‍പ്പെടുത്തി 450 ലേറെ പേര്‍ക്ക് സദ്ഗുണ അവാര്‍ഡ് നല്‍കുന്നതും ഇതിന്റെ ഭാഗമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം പറഞ്ഞു.

നാവിന് സെന്‍സര്‍ ബോര്‍ഡ് ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യമായിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ രാജു അഭിപ്രായപ്പെട്ടു. കാമറയുടെ മുന്നിലെ ഹീറോയിസം യഥാര്‍ഥമല്ല. മനുഷ്യ സമൂഹത്തിന് നന്മ ചെയ്യുന്നവരെ യഥാര്‍ഥ ഹീറോകളായി കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തിന്റെ മഹത്വം തിരിച്ചറിയണം. അതെസമയം സ്ത്രീകളില്‍ തന്നെ നന്മയും തിന്മയുമുണ്ട്. മദര്‍ തെരേസ സ്ത്രീത്വത്തിന്റെ നന്മയുടെ ഉജ്ജ്വല പ്രതീകമാണ്. അതേ സമയം ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞുനില്‍ക്കുന്ന ചില സ്ത്രീകള്‍ നേരെ വിപരീതമായ ഉദാഹരണമാണെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞു.
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എം വി സക്കറിയ, ഡോ. ഇ പുഷ്പലത പ്രസംഗിച്ചു.