ഗ്യാസ് സബ്‌സിഡിക്കായി ആധാര്‍ ലിങ്ക് ചെയ്യാന്‍ നവംബര്‍ 30 വരെ സാവകാശം

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:19 pm
SHARE

തിരുവനന്തപുരം:ഗ്യാസ് സബ്‌സിഡിക്കായി ആധാര്‍ നമ്പര്‍ എല്‍ പി ജി കണ്‍സ്യൂമര്‍ നമ്പറുമായും ബേങ്ക് അക്കൗണ്ടുമായും ലിങ്ക് ചെയ്യാന്‍ മൂന്ന് മാസത്തെ സാവകാശം ലഭിക്കും. അതേസമയം ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ മാര്‍ക്കറ്റ് വിലയില്‍ സിലിണ്ടറുകള്‍ കിട്ടുമെന്നും സബ്‌സിഡി മുന്‍കൂറായി ബേങ്ക് അക്കൗണ്ടില്‍ ലഭ്യമാകുമെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പരസ്യ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

സെപ്തംബര്‍ ഒന്നിന് മുമ്പ് ബേങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തവര്‍ക്ക് നവംബര്‍ 30 വരെ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന രീതിയില്‍ സബ്‌സിഡിയോടു കൂടി സിലിണ്ടറുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ നവംബര്‍ 30 നു ശേഷം എല്ലാ എല്‍ പി ജി ഉപഭോക്താക്കളും സിലിണ്ടറിന് മാര്‍ക്കറ്റ് വില നല്‍കേണ്ടി വരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇതിനു ശേഷം സബ്‌സിഡി ലഭ്യമാകൂ.
അടുത്ത മാസം ഒന്ന് മുതല്‍ ആധാറില്ലെങ്കില്‍ ഗ്യാസ് സബ്‌സിഡി നഷ്ടമാകുമെന്ന് നേരത്തേയുണ്ടായിരുന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആശങ്കയിലായിരുന്നു എല്‍ പി ജി ഉപഭോക്താക്കള്‍. ഗ്യാസിന്റെ കാര്യത്തില്‍ ആധാര്‍ നമ്പരും ബേങ്ക് അക്കൗണ്ട് നമ്പറും ഗ്യാസ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത് നിര്‍ബന്ധമായ സാഹചര്യത്തില്‍ ഉപഭോക്താവ് ഇതിനായി എന്തെല്ലാം ചെയ്യണമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. നേരത്തേ ബുക്ക് ചെയ്തിരുന്നത് സബ്‌സിഡി ഒഴിച്ചുള്ള തുകക്കാണെങ്കില്‍, ഇനിമുതല്‍ സബ്‌സിഡി തുകയും ചേര്‍ത്താണ് അടക്കേണ്ടത്. അതിനാല്‍ മാര്‍ക്കറ്റ് വില മുഴുവനായും അടക്കേണ്ടതായി വരും.
920 രൂപയോളം ഇത്തരത്തില്‍ ഒരു ഗ്യാസ് സിലിണ്ടറിനായി അടക്കണം. ഇപ്പോഴുള്ളതിനെക്കാള്‍ അധികം അടക്കുന്ന പണം ബേങ്കിലൂടെ മുന്‍കൂറായി തിരികെ ലഭിക്കുന്നതാണ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി. ഈ സാഹചര്യത്തില്‍ ഗ്യാസ് സബ്‌സിഡി ഉറപ്പാക്കാനായി ചെയ്യേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയാണിവിടെ.

ആധാര്‍ നമ്പര്‍ ഇനിയും ലഭിക്കാത്തവര്‍
ആധാര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടന്ന് അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആധാര്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ ഈ സേവനം ലഭ്യമാണ്. അതേസമയം ആധാറിനായി രജിസ്റ്റര്‍ ചെയ്ത് എന്റോള്‍മെന്റ് നമ്പര്‍ കിട്ടിയവര്‍ക്ക് ഇ-ആധാര്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കാനുള്ള സംവിധാനം നിലവിലുണ്ട്. uidai.gov.in എന്ന വെബ്‌സൈറ്റില്‍ റസിഡന്റ് പോര്‍ട്ടല്‍ എന്ന മെനു എടുത്ത് ഇ-ആധാറില്‍ പോവുക. ഇതില്‍ ഗെറ്റ് യുവര്‍ ആധാര്‍ നമ്പര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
എന്റോള്‍മെന്റ് നമ്പറും അത് ലഭിച്ച തീയതിയും ആവശ്യപ്പെടുന്നതനുസരിച്ച് ഈ വിവരങ്ങളും മൊബൈല്‍ നമ്പരും നല്‍കി എന്റര്‍ ചെയ്യുക. ഉടനെ ഈ മൊബൈല്‍ നമ്പറില്‍ ആറക്ക പിന്‍ നമ്പര്‍ എസ് എം എസായി ലഭിക്കും. ഈ നമ്പര്‍ രേഖപ്പെടുത്തി സബ്മിറ്റ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.
എന്റോള്‍മെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടവര്‍ക്ക് പേര്, വീട്ടുപേര്, ജനനത്തീയതി, പിന്‍കോഡ് എന്നിവ നല്‍കി നമ്പര്‍ കണ്ടെത്താനാവും. ഈ വെബ് സൈറ്റില്‍ നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസും പരിശോധിക്കാവുന്നതാണ്. പരിശോധിക്കുമ്പോള്‍ അപേക്ഷ നിരസിച്ചു, കണ്ടെത്താന്‍ കഴിയുന്നില്ല, സാങ്കേതിക കാരണങ്ങളാല്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്നീ അറിയിപ്പുകളാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത ആധാര്‍ സെന്ററിനെ സമീപിക്കണം. സമീപത്തുള്ള ആധാര്‍ സെന്ററുകളുടെ അഡ്രസും ഫോണ്‍നമ്പരും ഇതേ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാണ്.
വൃദ്ധരും കിടപ്പിലായവരുമായവര്‍ക്കായി ഏപ്രില്‍ മാസം മുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാര്‍ എന്റോള്‍മെന്റ് വീട്ടിലെത്തി ചെയ്തു കൊടുക്കുന്നുണ്ട്. ബിപി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യമായും എ പി എല്‍ വിഭാഗങ്ങള്‍ക്ക് ചെറിയ ഫീസ് ഈടാക്കിയുമാണ് ഈ സേവനം നല്‍കുന്നത്. ആഗസ്ത് 14 വരെ 3555 പേര്‍ക്ക് ഇത്തരത്തില്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളായി 18ഉം മേല്‍വിലാസ രേഖകളായി 33ഉം രേഖകള്‍ അംഗീകരിച്ചിട്ടുളളതിനാല്‍ റേഷന്‍ കാര്‍ഡോ, ഇലക്ഷന്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്കു പോലും ആധാര്‍ നിഷേധിക്കില്ല.

ആധാര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചവര്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഇന്‍ഡേന്‍), ഭാരത് ഗ്യാസ്, എച്ച് പി സി എല്‍ എന്നീ കമ്പനികളുടെ ഏജന്‍സികളിലാണ് ഉപഭോക്താക്കള്‍ ആധാര്‍ നമ്പറും ബേങ്ക് അക്കൗണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷാ ഫോറം കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ലഭിക്കും. അപേക്ഷയുടെ ഇടതു വശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ആധാറിന്റെ കോപ്പി ഒട്ടിച്ച് ഇത് മൊത്തം ഫോട്ടോസ്റ്റാറ്റ് എടുത്ത് വേണം അപേക്ഷ പൂരിപ്പിക്കാന്‍. ഗ്യാസ് കമ്പനിയുടെ പേര്, ഏജന്‍സിയുടെ പേര്, അഡ്രസ്, കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍നമ്പര്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ അടിയില്‍ ഒപ്പിട്ട് ഉപഭോക്താവിന്റെ വിലാസം തെളിയിക്കുന്ന രേഖയടക്കം വേണം ഏജന്‍സിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍.

ആധാറും ബേങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യാന്‍
ബേങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനായി ബേങ്കില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ആധാറിന്റെ കോപ്പിയടക്കം സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ സമര്‍പ്പിക്കണം. ഇങ്ങനെ ചെയ്യാത്തവര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ഐ എഫ് എസ് കോഡുള്ള ദേശസാത്കൃത ബേങ്കുകളിലെ അക്കൗണ്ടാണ് വേണ്ടത്. സഹകരണ ബേങ്കുകളിലെ അക്കൗണ്ട് സ്വീകാര്യമല്ല.