രാസായുധ ആക്രമണം: യു എന്‍ അന്വേഷണ സംഘം ദമസ്‌കസിലേക്ക്

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:45 pm
SHARE

ദമസ്‌കസ്/പാരീസ്: കുട്ടികളടക്കം നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ കുറിച്ച് അന്വേഷണം നടത്താന്‍ യു എന്‍ വിദഗ്ധ സംഘം ദമസ്‌കസിലെ ആക്രമണ സ്ഥലത്തേക്ക് പുറപ്പെട്ടു. രാസായുധ പ്രയോഗങ്ങളെ കുറിച്ച് സിറിയന്‍ പ്രക്ഷോഭ നഗരങ്ങളില്‍ അന്വേഷണം നടത്തുന്ന യു എന്‍ സംഘം ദമസ്‌കസിലെ ആക്രമണം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ തുടര്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും യു എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ ഇലിയാസണ്‍ വ്യക്തമാക്കി. സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ കുറിച്ച് യു എന്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യു എന്‍ നടപടി.
തലസ്ഥാനമായ ദമസ്‌കസിനടുത്ത് ബുധനാഴ്ചയാണ് സൈന്യം രാസായുധം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചത്. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് മരിച്ചവരുടെയും പരുക്കേറ്റവരുടെയും ചിത്രങ്ങള്‍ നിരവധി മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിറിയന്‍ സര്‍ക്കാറും സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സിറിയന്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗം ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും യു എന്‍ രക്ഷാസമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിമത പ്രക്ഷോഭം ശക്തമായ ദമസ്‌കസിലെ ഗൗത മേഖലയിലാണ് സൈന്യം രാസായുധം പ്രയോഗിച്ചതെന്നും ആക്രമണത്തില്‍ 1,300 പേര്‍ മരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നൂറ് കണക്കിന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ കൂട്ടമായി ഖബറടക്കം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അറേബ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സിറിയന്‍ സൈന്യത്തിന്റെ രാസായുധ ആക്രമണത്തില്‍ ഫ്രാന്‍സ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.
പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ സിറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് മുന്നറിയിപ്പ് നല്‍കി. വിമതര്‍ക്കെതിരെ വര്‍ഷങ്ങളോളമായി അടിച്ചമര്‍ത്തല്‍ നടപടി തുടുരുന്ന സിറിയന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നും ഫാബിയസ് ആവശ്യപ്പെട്ടു.
എന്നാല്‍, സിറിയന്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍പക്ഷത്ത് നില്‍ക്കുന്ന റഷ്യ, സിറിയക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെ ശക്തമായി എതിര്‍ക്കുന്ന പ്രധാന ശക്തിയാണ്. രാസായുധ പ്രയോഗത്തെ കുറിച്ച് യു എന്‍ സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്നും സിറിയയില്‍ വിമതര്‍ വ്യാപകമായി രാസായുധങ്ങള്‍ പ്രയോഗിച്ചതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും റഷ്യന്‍ വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.