Connect with us

Articles

ആരും തോറ്റില്ല, എല്ലാവരും ജയിച്ചു

Published

|

Last Updated

ഒടുവില്‍ ചാനലുകളുടെയും മറ്റും തര്‍ക്കം കേന്ദ്രീകരിച്ചിരിക്കുന്നത് ഇടതുപക്ഷത്തിന്റെ ഉപരോധ സമരം ജയമോ തോല്‍വിയോ എന്ന വിഷയത്തിലായിരിക്കുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം എന്ന മട്ടില്‍ തിരുവനന്തപുരത്തു വല്ലതും സംഭവിച്ചുകാണണമെന്നാഗ്രഹിച്ചിരുന്നവരാണ് ഇപ്പോള്‍ ഉപരോധ സമരം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ പഴി പറയുന്നത്.

 

 

പ്പോള്‍ അങ്ങനെയാണ്; ഒരു പരീക്ഷയിലും ആരും തോല്‍ക്കുന്നില്ല. പരീക്ഷയില്‍ നൂറില്‍ അഞ്ച് മാര്‍ക്ക് വാങ്ങിക്കുന്നവനു പോലും ഡോക്ടറാകാന്‍ കഴിയുന്ന കാലം. അപ്പോള്‍ പിന്നെ സമരങ്ങള്‍ക്കു മാത്രമായി എന്തു തോല്‍വി? എന്തു ജയം? സമരം ചെയ്യുന്നു എന്നതു തന്നെ ഒരു ജയമാണ്. മൂവന്തി നേരത്ത് ടി വി സ്റ്റുഡിയോയില്‍ എത്തി “വായില്‍ തോന്നുന്നത് കോതക്കു പാട്ടെ”ന്ന മട്ടില്‍ പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന മാധ്യമ വിശകലനക്കാരാണ് സെക്രട്ടറിയേറ്റ് ഉപരോധം വിജയമോ പരാജയമോ എന്ന വിഷയം ചര്‍വിതചര്‍വണം ചെയ്യുന്നത്. നമ്മുടെ പി സി ജോര്‍ജ് എന്ന ചീഫ് വിപ്പാണെങ്കില്‍ ചര്‍ച്ച നിര്‍ത്തി ഫെയ്‌സ് ബുക്കില്‍ കഥയെഴുത്തും തുടങ്ങിയിരിക്കുന്നു. കഥാകൃത്തുക്കള്‍ ജാഗ്രത പാലിക്കുക. അടുത്ത കൊല്ലത്തെ കഥ എഴുത്തിനുള്ള അവാര്‍ഡ് ജോര്‍ജ് അടിച്ചുമാറ്റാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇതാ മറ്റൊരു കഥ.

പുതുമോടി കൈവിടാതെ നാട്ടിന്‍പുറത്തെത്തിയ നവ ദമ്പതികളുടെ അന്യോന്യമുള്ള അടുപ്പവും ആകര്‍ഷണവും കണ്ട് ചില കവല പൂവാലന്മാര്‍ക്ക് അസൂയ കലശലായി. അവരിലൊരു ചെറുപ്പക്കാരന്‍ ഒരു സായാഹ്ന സല്ലാപത്തിനിടയില്‍ സുഹൃത്തുക്കളുമായി ഇങ്ങനെ ഒരു വാതുവെച്ചു. “”ഈ ദമ്പതികളെ തമ്മില്‍ പിണക്കുന്ന കാര്യം ഞാനേറ്റു.”” “അതെങ്ങനെ സാധിക്കും?” മറ്റുള്ളവര്‍ക്ക് സംശയമായി. “അതൊന്നും നിങ്ങളറിയേണ്ട അടുത്ത 24 മണിക്കൂറിനുള്ളില്‍ അത് നടന്നിരിക്കും.” “എങ്കില്‍ അതൊന്നു കാണണമല്ലോ എന്നായി” ഗ്രാമസദസ്സിലെ ചെറുപ്പക്കാര്‍. അടുത്ത ദിവസം അയാള്‍ പണി പറ്റിച്ചു. പുതുമണവാളനും മണവാട്ടിയും ഹണിമൂണ്‍ പ്രമാണിച്ച് ഒരു സിനിമ കാണാന്‍ ഉറച്ച് പട്ടണത്തിലേക്കു വണ്ടി കയറാന്‍ ഗ്രാമത്തിലെ ഇടവഴിയിലൂടെ മുന്നിലും പിറകിലുമായി തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നടക്കുകയായിരുന്നു. വാതുവെപ്പു വിദ്വാന്‍ ഓടിച്ചെന്നു നവവധുവിനെ തടഞ്ഞു നിര്‍ത്തി അടുത്തു ചെന്നു കാതില്‍ എന്തോ മന്ത്രിച്ചു. എന്നിട്ടു വേഗം തിരിഞ്ഞുനടന്നു. ഭര്‍ത്താവിന് ഒന്നും മനസ്സിലായില്ല. അയാള്‍ അവളെ കടുപ്പിച്ചുനോക്കിയിട്ട്, “എന്താടീ അവന്‍ പറഞ്ഞതെ”ന്നു ചോദിച്ചു. അവള്‍ പറഞ്ഞു. “ആരോടും പറയരുതെന്നാണ് പറഞ്ഞത്.” “അതു ശരി അവനത്രക്കായോ? നീയും അവനും തമ്മില്‍ എന്തു ബന്ധം? അവനെന്താ പറഞ്ഞതെന്നു വേഗം പറ.” ആ പാവം അപ്പോഴും ശാന്തമായി പഴയ പല്ലവി ആവര്‍ത്തിച്ചു. “”ആരോടും പറയരുതെന്നാ പറഞ്ഞത്.”” പിന്നെ എന്തൊക്കെ സംഭവിച്ചെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും ആ ദമ്പതികളുടെ ഹണിമൂണ്‍ കുളമായി. അവര്‍ തിരിച്ചുനടന്നു. വീര്‍പ്പിച്ചുകെട്ടിയ മുഖവുമായി ആ ഭാര്യാവിരുദ്ധന്‍ മുന്നിലും ഭര്‍തൃസ്‌നേഹിയായ ഭാര്യ പിന്നാലേയും. അതിനിടയിലും ആ ചോദ്യവും ഉത്തരവും ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
വീട്ടില്‍ എത്തി ഭര്‍ത്താവിന്റെ അച്ഛനമ്മമാരും സഹോദരങ്ങളും ബന്ധുക്കളും അയല്‍ക്കാരും പെണ്ണിനെ വളഞ്ഞിട്ട് ചോദ്യം ചെയ്തു. നിന്റെ ഭര്‍ത്താവിനോട് പറയാന്‍ പറ്റാത്ത എന്തു രഹസ്യമാണ് അവന്‍ നിന്നോട് പറഞ്ഞത്? അവള്‍ കരച്ചിലടക്കിക്കൊണ്ട് പഴയ പല്ലവി അവര്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. അല്‍പ്പ ദിവസങ്ങളിലെ ആയുസ്സ് മാത്രമുണ്ടായിരുന്ന ആ ദാമ്പത്യച്ചരട് പൊട്ടി. പെണ്ണവളുടെ വീട്ടിലേക്കു വണ്ടി കയറി. കവലയിലെ വാതുവെപ്പ് വിദ്വാന്‍ എന്തു സൂത്രം പ്രയോഗിച്ചാണ് ഇതു സാധിച്ചെടുത്തതെന്നറിയാതെ പൂവാലന്മാര്‍ അന്ധാളിച്ചു. പ്രസിദ്ധ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഒരു കഥയുടെ രത്‌നച്ചുരുക്കമാണിത്.
ഇങ്ങനെ വല്ലതും ആയിരിക്കുമോ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചെവിയിലും കടപ്ലാമറ്റത്തെ ആ ജലനിധി പരിപാടിയില്‍ സരിത എന്ന നായരച്ചി പറഞ്ഞിട്ടുണ്ടാകുക? അല്ലെങ്കില്‍ ആ പെണ്ണുമ്പിള്ള ഇത്ര പരസ്യമായി തന്റെ കാതില്‍ സ്വകാര്യം പറഞ്ഞതും അവളുടെ നായരായി അറിയപ്പെട്ടിരുന്ന ബിജു രാധാകൃഷ്ണന്‍ എന്ന കൊലക്കേസ് പ്രതി ഒരു കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ സമയം തന്നോടു രഹസ്യം പറഞ്ഞതും എന്താണെന്നങ്ങു നാട്ടുകാരോടും പറഞ്ഞുകൂടേ? ന്യായമായ ഈ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി പറയുന്ന ഉത്തരവും കൃഷ്ണന്‍ കുട്ടിയുടെ കഥയിലെ പെണ്ണ് പറയുന്ന ഉത്തരവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. “അതാരോടും പറയരുതെന്നാ അവരു പറഞ്ഞത്.” സുതാര്യതക്കും സത്യന്ധതക്കും ആദര്‍ശശുദ്ധിക്കും പേരുകേട്ട ഒരു മുഖ്യമന്ത്രി ആരോടും പറയില്ലെന്നവര്‍ക്കു നല്‍കിയ ഉറപ്പ് എങ്ങനെ ലംഘിക്കും? കഷ്ടം! ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ സരിത രഹസ്യം പറയുന്ന ചിത്രം വല്ല മോര്‍ഫിംഗ് വിദ്വാന്‍മാരും ചമച്ചതായിരിക്കും എന്നു കരുതിയവരെ നിരാശപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി തന്നെ ഈ ചിത്രത്തെ ശരിവെച്ചിരിക്കുന്നു. പണ്ട് തന്റെ ഓഫീസിലെ സി ടി വി ദൃശ്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ സംഭവിച്ചു അബദ്ധം ആവര്‍ത്തിക്കരുതല്ലോ എന്നദ്ദേഹം കരുതിയിരിക്കാം. അല്ലെങ്കിലും ഈ മുഖ്യമന്ത്രി ഇത്രയൊക്കയേ ഉള്ളൂ. പണ്ടൊരു ഭ്രാന്തന്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന്റെ കസേരയില്‍ കയറി ഇരുന്നില്ലേ. പിന്നെയാണോ ഈ സരിത! “ആരെന്തു പറഞ്ഞാലും സ്വന്തം ചെവി കടിച്ചാലും അനങ്ങാതെ ഇരുന്നുകൊടുക്കും അതാണ് പ്രകൃതം” എന്നാണ് ഐ ഗ്രൂപ്പുകാരനായ വാഴക്കന്‍ എം എല്‍ എ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഗ്രൂപ്പ് മറ്റേതാണെങ്കിലും സ്വന്തം നിയമസഭാ കക്ഷി നേതാവിനെക്കുറിച്ച് ഒരു എം എല്‍ എയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കാന്‍ പാടുണ്ടോ? ഇത്തരം ഒരു ചിത്രത്തിന്റെ സാക്ഷിപത്രം ഉണ്ടെങ്കില്‍ കേരളത്തിലെ മധ്യവര്‍ഗ ധനാഢ്യന്മാരില്‍ നിന്നാര്‍ക്കു വേണമെങ്കിലും എത്ര ലക്ഷം വേണമെങ്കിലും തട്ടിയെടുക്കാം എന്നു ബുദ്ധിമതിയായ ആ സ്ത്രീ കരുതിയെങ്കില്‍ ആര്‍ക്കാണവരെ കുറ്റം പറയാന്‍ പറ്റുക? താനുമായി ബന്ധപ്പെട്ട ഉന്നതന്മാരുടെ പേര് വെളിയില്‍ പറയാതിരുന്നാല്‍ തട്ടിപ്പുകാരില്‍ നിന്നീ കവര്‍ന്നെടുത്ത തുകയത്രയും 12 ശതമാനം പലിശയോടെ തിരികെ നല്‍കാനും സരിതയെ കുറ്റവിമുക്തമാക്കുക മാത്രമല്ല വേണമെങ്കില്‍ ഡല്‍ഹി എ ഐ സി സി ഓഫീസില്‍ ഇപ്പോള്‍ ആ ടോം വടക്കനും മറ്റും ചെയ്യുന്നതുപോലുള്ള നയതന്ത്ര പ്രാധാന്യമുള്ള വല്ല തസ്തികയും സൃഷ്ടിച്ച് അവിടെ നിയമനം നല്‍കാനും ഉള്ള ഉറപ്പ്, ചില പ്രമാണിമാര്‍ സരിതക്കു നല്‍കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.
താനും തന്റെ വിശ്വസ്തനായ ആഭ്യന്തരമന്ത്രിയും ചേര്‍ന്നു തങ്ങള്‍ക്കു കീഴിലുള്ള പ്രത്യേകം നിയോഗിക്കപ്പെട്ട പോലീസുകാരെക്കൊണ്ട് അന്വേഷിപ്പിച്ച് സരിതയേയും ജോപ്പനേയും കുബുദ്ധികളും ദോഷൈകദൃക്കുകളുമായ ചില പുതുപ്പള്ളിക്കാര്‍, ഗണ്‍മോന്‍ എന്ന് വിളിക്കുന്ന സലീം രാജിനും ഒരു രോമത്തിനുപോലും കേട് പറ്റാതെ നോക്കിക്കൊള്ളാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന മാതിരി ഇങ്ങനെ പല പഴയ ചിത്രങ്ങളും പൊക്കിയെടുത്തു പ്രതിപക്ഷം സെക്രേട്ടറിയറ്റ് വളയല്‍ എന്ന മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ആധുനികോത്തര കലാപരിപാടിയുമായി രംഗപ്രവേശം ചെയ്തത്. അവരെ പിരിച്ചയക്കാന്‍ ജലപീരങ്കി പ്രയോഗവും ആകാശത്തേക്ക് വെടിവെപ്പും ഒന്നും മതിയാകുകയില്ലെന്നു തിരുവഞ്ചൂരിനും നല്ല ഉറപ്പായിരുന്നു. അതാണ് കേന്ദ്രത്തിലെ പകുതി പോലീസും പകുതി പട്ടാളവുമായ വലിയ ഒരു ശിഖണ്ഡിപ്പടയെ ഇറക്കുമതി ചെയ്തു കത്തിയും കഠാരിയും തോക്കും ഗ്രനേഡും ഒക്കെ കാണിച്ചു നാട്ടുകാരെ ഭയപ്പെടുത്തി നോക്കിയത്. പോരാത്തതിന് പഴയ സര്‍ക്കസ് കൂടാരത്തിലേതുപോലെ കുതിരപ്പുറത്തു കയറിയിരുന്നു സുഖസവാരി നടത്തുന്ന കുറേ പോലീസുകാരെ നഗരത്തിലൂടെ തലങ്ങും വിലങ്ങും പായിച്ചു. അശ്വാരൂഢസൈന്യം എന്നൊക്കെ മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ വായിച്ചുമാത്രം പരിചയിച്ച സമര വളണ്ടിയറന്മാരും ടി വി ക്യാമറാമാന്‍മാരും ആ കാഴ്ച കണ്ടു രസിച്ചു.
സമരത്തിന്റെ ആദ്യ ദിവസം, തിരുവനന്തപുരത്തുകാര്‍ നേരിട്ടും മറ്റു സ്ഥലത്തുള്ളവര്‍ ടി വിയിലൂടെയും രാപകല്‍ ഇടതടവില്ലാതെ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ നടന്ന ആ കുരുക്ഷേത്ര യുദ്ധം നിര്‍നിമേഷരായി കണ്ടിരുന്നു. സെക്രട്ടേറിയറ്റിലെ ഹാജര്‍ സാധാരണ ദിവസങ്ങളിലേതിലും കൂടുതലായിരുന്നു എന്നാണ് സര്‍ക്കാര്‍ കണക്ക്. ബന്ദോ സമരമോ പ്രമാണിച്ചു തലേ ദിവസം തന്നെ ഒപ്പിടുന്ന കീഴ്‌വഴക്കം നമ്മുടെ മിക്ക സര്‍ക്കാറോഫീസുകളിലും നിലവിലുണ്ട്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ജീവനക്കാരുടെ വീടുകളിലും പോയി അവരെക്കൊണ്ട് ഹാജര്‍ രേഖപ്പെടുത്തിക്കുന്ന സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. നമ്മുടെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഒരു ഭാഗ്യം നോക്കണേ! ഉപരോധ ദിവസം ഒരു ജോലിയും ചെയ്യാതെ ശമ്പളം! സമരക്കാരെ പേടിച്ചെന്നു ഇടതുപക്ഷവും സ്വാതന്ത്ര്യ ദിന പരേഡിന്റെ റിഹേഴ്‌സല്‍ പ്രമാണിച്ചെന്ന് മുഖ്യമന്ത്രിയും. രണ്ടായാലും രണ്ട് ദിവസങ്ങളും അവധി. ഇങ്ങനെ ആഗസ്റ്റ് മാസം 12,13,14,15 ഇങ്ങനെ നാല് ദിവസം അടുപ്പിച്ച് അവധി. പിന്നെ വരുന്ന 16ഉം 17ഉം രണ്ട് കാഷ്വല്‍ ലീവ് കൂടി എടുത്താല്‍ ക്ലീനായിട്ട് ഒരാഴ്ചത്തെ ശമ്പളം സുഖസുന്ദരമായി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. സ്വാഭാവികമായും സെക്രേട്ടറിയറ്റ് ജീവനക്കാര്‍ ഒരേ സമയം സര്‍ക്കാറിനോടും പ്രതിപക്ഷത്തോടും നന്ദിയുള്ളവരായിരിക്കും. പുതിയ ഒരു കീഴ്‌വഴക്കം എന്ന നിലയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിക്കുന്ന കാര്യവും നമുക്കാലോചിക്കാവുന്നതാണ്.
ഒടുവില്‍ ചാനലുകളുടെയും മറ്റും തര്‍ക്കം കേന്ദ്രീകരിച്ചിരിക്കുന്നത് ഇടതുപക്ഷത്തിന്റെ ഉപരോധ സമരം ജയമോ തോല്‍വിയോ എന്ന വിഷയത്തെക്കുറിച്ചായിരിക്കുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം എന്ന മട്ടില്‍ തിരുവനന്തപുരത്തു വല്ലതും സംഭവിച്ചുകാണണമെന്നാഗ്രഹിച്ചിരുന്നവരാണ് ഇപ്പോള്‍ ഉപരോധ സമരം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ പഴി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണം എന്ന ഇരയില്‍ കൈകോര്‍ത്ത് ഉമ്മന്‍ ചാണ്ടി ഇട്ട ചൂണ്ടയില്‍ ഇടതുപക്ഷം കൊത്തി എന്നൊക്കെ പറഞ്ഞ് രസിക്കുന്നുണ്ട് ചിലര്‍. പക്ഷേ, ഇടതുപക്ഷത്തിന്റെ ആയുധശേഖരത്തിലെ അവസാനത്തെ ആയുധമൊന്നും ആയിരിക്കില്ല സെക്രേട്ടറിയറ്റ് വളയല്‍. ഇത്രയധികം ആളുകളെ മുന്‍നിശ്ചയപ്രകാരം തിരുവനന്തപുരത്തണിനിരത്താന്‍ കഴിഞ്ഞ ഒരു നേതൃത്വത്തിന് ഇതിലേറെ ആളുകളെ ഇറക്കിവിട്ടു ന്യായമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതുവരെ ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തെ ഓഫീസില്‍ മാത്രമായി തളച്ചിടാനും കഴിയാതെ വരില്ല.
പ്രതിപക്ഷത്തു നിന്നു മാത്രമല്ല സ്വന്തം പാളയത്തില്‍ നിന്നും തനിക്കെതിരെ പട വരുന്നു. പിന്നില്‍ നിന്നു കുത്താന്‍ കുന്തമുയര്‍ത്തി നില്‍ക്കുന്ന ചില ബ്രൂട്ടസുമാരെയൊക്കെ മുഖ്യമന്ത്രി സ്വപ്‌നത്തിലെങ്കിലും കണ്ടു തുടങ്ങിയിട്ടുണ്ടാകണം. ചെന്നിത്തലയുടെ മുഖം വീര്‍പ്പിച്ചുള്ള എങ്ങുമെങ്ങും തൊടാതെയുള്ള സംസാരം! പിതാവിനെ ചതിച്ചുകൊന്ന ക്‌ളോഡിയസിനെതിരെ പ്രതികാരം ചെയ്യാന്‍ ഹാംലെറ്റ് രാജകുമാരന്റെ മുമ്പില്‍ പിതാവിന്റെ പ്രേതം പ്രത്യക്ഷപ്പെട്ടു മതിഭ്രമം ഉണ്ടാക്കുന്നതു പോലെ, കെ മുരളീധരന്റെ മുമ്പില്‍ കെ കരുണാകരന്റെ പ്രേതം ഇടക്കിടെ വരാറുണ്ടെന്നാണ് തോന്നുന്നത്. എത്ര അലക്കിത്തേച്ചാലും ചുളിവ് മാറാത്ത കോണ്‍ഗ്രസ് കുപ്പായം പോലെ ആയിട്ടുണ്ട് മുരളീധരനെ വരിഞ്ഞുമുറുക്കിയിരിക്കുന്ന പാര്‍ട്ടി അച്ചടക്കം. ഇതെല്ലാം ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹത്തിന്റെ വിശ്വസ്തരേയും അസ്വസ്ഥരാക്കുന്നുണ്ട്. അമ്മയുടെ കൂടെ കിടക്കാനും അച്ഛന്റെ തോളത്തിരുന്നു സഞ്ചരിക്കാനും ഒരേ സമയം വാശി പിടിക്കുന്ന പി സി ജോര്‍ജിന്റെ മുറവിളികളെ അത്രക്കങ്ങ് അവഗണിക്കാനും കഴിയുന്നില്ല.
ഈ കേരളാകോണ്‍ഗ്രസ് സംസ്‌കാരമെന്നാല്‍ ഒന്നു പ്രത്യേകം ആണ്. അത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്കു വെളിയിലുള്ളവര്‍ക്കു പെട്ടെന്ന് മനസ്സിലാകില്ല. ജോര്‍ജിന്റെ ബുദ്ധിയെ വിശേഷിപ്പിക്കാന്‍, ക്ലാസിക്കല്‍ പദവി ലഭിച്ചെന്നൊക്കെ പറയുന്ന മലയാള ഭാഷയില്‍ വാക്കുകളില്ലെന്നാണ് അധ്വാന വര്‍ഗ സിദ്ധാന്താചാര്യന്‍ കെ എം മാണി സാറ് ഈയിടെ പറഞ്ഞത്. എം എം ഹസ്സനെപ്പോലെയും കെ സി ജോസഫിനെപ്പോലെയുമുള്ള ദേശാടന പക്ഷികള്‍ കെ എം മാണി, പി ജെ ജോസഫ്, പി സി ജോര്‍ജ് തുടങ്ങിയ പൂവന്‍കോഴികളെക്കുറിച്ച് അധികമൊന്നും പറയേണ്ട. ഈ പൂവന്‍ കോഴികള്‍ കൂവുന്നത് കൊണ്ടാണ് കേരളത്തില്‍ നേരം വെളുക്കുന്നത്; അല്ലാതെ ഈ ദേശാടനപ്പക്ഷികള്‍ കരയുന്നതുകൊണ്ടൊന്നും അല്ല.