സിറിയയില്‍ നിന്ന് കേള്‍ക്കുന്നത്

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:32 pm
SHARE

SIRAJ.......കലാപം രൂക്ഷമായ സിറിയയില്‍ കൂട്ടക്കുരുതി തുടരുകയാണ്. തലസ്ഥാനമായ ദമസ്‌കസിന് സമീപം ഗൗട്ടയില്‍ കഴിഞ്ഞ ദിവസം രാസായുധ പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 650, 1000, 1300 എന്നിങ്ങനെ മരണ സംഖ്യയെക്കുറിച്ചു വിവിധ ഏജന്‍സികള്‍ വ്യത്യസ്ത കണക്കുകളാണ് പുറത്തുവിട്ടത്. രാസായുധ പ്രയോഗത്തില്‍ മരിച്ചവരുടെതെന്ന് കരുതുന്ന നൂറുകണക്കിന് മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമതര്‍ തമ്പടിച്ച ഗൗട്ട പ്രദേശം തിരിച്ചുപിടിക്കാന്‍ സൈന്യമാണ് രാസായുധം പ്രയോഗിച്ചതെന്ന് പ്രക്ഷോഭകരും പടിഞ്ഞാറന്‍ ശക്തികളും ആരോപിക്കുമ്പോള്‍ ഭരണകൂടം അത് ശക്തിയായി നിഷേധിക്കുകയാണ്. സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ യു എന്‍ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രക്ഷോഭകര്‍ നടത്തിയ കളിയാണിതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
വാര്‍ത്ത ശരിയെങ്കില്‍ അടുത്തിടെ ലോകം കണ്ട ഏറ്റവും വലിയ രാസായുധ ദുരന്തമാണിത്. എന്നാല്‍ സിറിയയിലെ സംഭവങ്ങളെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ അപ്പടി വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഭരണകൂടത്തെ തിരുത്താന്‍ ജനങ്ങള്‍ നടത്തുന്ന വിപ്ലവമെന്നതിലുപരി പരോക്ഷമായി വന്‍ശക്തികള്‍ തമ്മിലുള്ള ബലപരീക്ഷണമാണ് അവിടെ നടക്കുന്നത്. നാറ്റോ സഖ്യവും ഇസ്‌റാഈലും വിമതരെ സഹായിക്കുമ്പോള്‍ റഷ്യയും ചൈനയും അസദ് ഭരണകൂടത്തെ പിന്തുണക്കുന്നു. വിമതര്‍ക്ക് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും മാത്രമല്ല ഇസ്‌റാഈലില്‍ നിന്നും യഥേഷ്ടം ആയുധങ്ങള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതില്‍ രാസായുധങ്ങളുമുണ്ടാകാം. അസദിന്റെ സൈന്യത്തെപ്പോലെ സര്‍വായുധസജ്ജരാണ് വിമതരും. ആരൊക്കെ ഏതെല്ലാം ആയുധങ്ങള്‍ പ്രയോഗിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുന്നത് വാര്‍ത്താ ഏജന്‍സികളാണ്. അവര്‍ക്കുമുണ്ട് നിക്ഷിപ്ത താത്പര്യങ്ങള്‍. ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നത്തില്‍ പാശ്ചാത്യ മീഡിയയുടെ റിപ്പോര്‍ട്ടിംഗ് രീതിയും പക്ഷപാതിത്വവും ഏറെക്കുറെ ലോകം മനസ്സിലാക്കിയതാണ്. നിരായുധരായ ഫലസ്തീനികള്‍ കല്ലുകള്‍ കൊണ്ട് നടത്തുന്ന ചെറുത്തുനില്‍പ്പിനെ ഭീകരതയായി ചിത്രീകരിക്കുമ്പോള്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കൊടും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുന്ന ഇവരുടെ സിറിയന്‍ വാര്‍ത്തകളില്‍ നാറ്റോയുടെ താത്പര്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. സ്വതന്ത്രമായ അന്താരാഷ്ട്ര ഏജന്‍സിയുടെ അന്വേഷണത്തിന് മാത്രമേ നിജസ്ഥിതി പുറത്തുകൊണ്ട് വരാനാകൂ.
സിറിയയിലെ ആഭ്യന്തര കലാപത്തിന് വഴിമരുന്നിട്ടത് ആരെന്നതില്‍ തന്നെ അഭിപ്രായാന്തരമുണ്ട്. 1964 മുതല്‍ അധികാരത്തിലിരിക്കുന്ന ബഅസ് പാര്‍ട്ടിയും 1971 മുതല്‍ തുടരുന്ന അസദ് ഭരണകൂടവും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തിറങ്ങിയത് 2011 മാര്‍ച്ചിലാണ്. ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തിന്റെ ചുവട് പിടിച്ചു ജനങ്ങള്‍ സ്വയമേവ രംഗത്തിറങ്ങിയതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈജിപ്ത് സംഭവത്തിന്റെ മറപിടിച്ച് അമേരിക്കയും സഖ്യശക്തികളും കലാപം കുത്തിപ്പൊക്കുകയായിരുന്നുവെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. കലാപത്തിന് നാറ്റോ സഖ്യം നല്‍കുന്ന പിന്തുണ ഈ സന്ദേഹം ബലപ്പെടുത്തുന്നു. അതെന്തുമാകട്ടെ, സിറിയയില്‍ രാസായുധ പ്രയോഗമുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലാരാണെങ്കിലും കൊടിയ ക്രൂരതയും മനുഷ്യത്വരഹിതവും അപലപനീയവുമാണ്. നിരപരാധികളെ കൊന്നൊടുക്കിയല്ല വിപ്ലവങ്ങള്‍ നടത്തേണ്ടതും പ്രതിരോധിക്കേണ്ടതും. മനുഷ്യരെ ഇവ്വിധം നിഷഠൂരമായി കൂട്ടക്കൊല ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. സിറിയയിലും ഈജിപ്തിലും ഇരുവശത്തും മുസ്‌ലിംകളാണല്ലോ. യുദ്ധം അനിവാര്യമായാല്‍ തന്നെ അതിന് ഇസ്‌ലാമില്‍ ശരിയായ മാര്‍ഗരേഖയുണ്ട്. യുദ്ധക്കളത്തില്‍ നിരപരാധികള്‍ അക്രമിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ അരുതെന്ന് കര്‍ക്കശ സ്വരത്തില്‍ പ്രവാചകര്‍ ഉണര്‍ത്തിയതാണ്.
ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രണ്ട് വര്‍ഷത്തിനിടയില്‍ സിറിയന്‍ കലാപത്തില്‍ 1,00,191 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 16 വയസ്സില്‍ താഴെയുള്ള അയ്യായിരത്തിലേറെ കുട്ടികളും മുവ്വായിരത്തിലേറെ സ്ത്രീകളുമടക്കം ഇവരില്‍ 36,661 പേര്‍ സാധാരണക്കാരാണ്. ഇനിയും ഈ കൂട്ടക്കുരുതി തുടര്‍ന്നു കൂടാ. പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകേണ്ടതുണ്ട്. പുറംശക്തികളുടെ ഇടപെടലില്ലാത്ത, താത്പര്യങ്ങള്‍ കടന്നു വരാത്ത ആഭ്യന്തര പരിഹാരമാണ് സിറിയക്കിന്നാവശ്യം.