Connect with us

National

ഉച്ചഭക്ഷണ പദ്ധതി സ്വകാര്യ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഉച്ചഭക്ഷണ പദ്ധതി സ്വകാര്യ സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. രാജ്യത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഇതിനായി 3,000 കോടി രൂപ നീക്കിവെക്കും. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ വിവരങ്ങള്‍ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായമറിയുന്നതിനായി സര്‍ക്കാര്‍ കൈമാറി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്വകാര്യ സ്‌കൂളുകളില്‍ 25 ശതമാനം സീറ്റുകള്‍ നീക്കിവെക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
രാജ്യത്ത് മൂന്ന് ലക്ഷത്തോളം അംഗീകൃത സ്വകാര്യ സ്‌കൂളുകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ച 35 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്.
പദ്ധതി പ്രകാരം സ്‌കൂളിലെ പാചകത്തിനുള്ള തുക സംസ്ഥാന സര്‍ക്കാറോ കേന്ദ്ര സര്‍ക്കാറോ നല്‍കും. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നല്‍കുന്ന നിരക്കിലായിരിക്കും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും പാചകത്തുക നല്‍കുക. നിലവില്‍ എല്‍ പി സ്‌കൂളുകള്‍ക്ക് ഒരു വിദ്യാര്‍ഥിക്ക് 3.34 രൂപയും യു പി സ്‌കൂളുകള്‍ക്ക് അഞ്ച് രൂപയുമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സര്‍ക്കാര്‍ നിര്‍ദേശിച്ച 25 ശതമാനം സംവരണം അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഉച്ചഭക്ഷണ പദ്ധതി സ്വകാര്യ സ്‌കൂളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് ചോദ്യമുയരുന്നത്. കുറഞ്ഞ പാചക തുക നല്‍കി അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ ലഭ്യമാക്കാനാകുമെന്നാണ് മറ്റൊരു ചോദ്യം. നിലവില്‍ രാജ്യത്തെ ചില അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് 45 രൂപ വരെ ചെലവ് വരുന്നുവെന്നാണ് കണക്ക്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന കുറഞ്ഞ തുകക്ക് കുട്ടികള്‍ക്ക് ഭക്ഷണം എങ്ങനെ നല്‍കുമെന്നാണ് പല മാനേജ്‌മെന്റുകളുടെയും ആശങ്ക.

Latest