നഗര വനവത്കരണ പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും

Posted on: August 22, 2013 11:39 pm | Last updated: August 22, 2013 at 11:39 pm
SHARE

തിരുവനന്തപുരം: നഗര വനവത്കരണ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിച്ചു. ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് വനം വകുപ്പ് കത്തയക്കും.
സ്ഥലം ലഭ്യമാകുന്ന മുറക്ക് ചെറുപട്ടണങ്ങളുള്‍പ്പെടെ എല്ലായിടങ്ങളിലും പദ്ധതി നടപ്പിലാക്കും. സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നഗരങ്ങളിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നുണ്ട്. നിലവില്‍ എറണാകുളം റീജ്യണിന് കീഴില്‍ വരുന്ന കളമശ്ശേരി എ ഒ ടി എസ് കോമ്പൗണ്ട്, ക്രിന്‍ഫ്ര, ബ്ലാക്‌ബെറി, ന്യൂവല്‍സ് എന്നിവിടങ്ങളിലായി 1,250 വൃക്ഷത്തൈകള്‍ നട്ടുപിടിച്ചിരുന്നു. ഇതില്‍ 75 ശതമാനം തൈകളും വളരുന്നുണ്ട്. കൊല്ലം റീജ്യണില്‍ തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ വെള്ളയമ്പലം – ശാസ്തമംഗലം റോഡില്‍ നൂറ് അലങ്കാരച്ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ആവശ്യമായ വൃക്ഷത്തൈകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പാതയോരങ്ങളിലും തൈകള്‍ വെച്ചുപിടിപ്പിച്ചുവരുന്നു. നഗരങ്ങളെ ഹരിതാഭമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നടുമ്പോള്‍ ഫലവൃക്ഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പരമ്പരാഗതമായി പരിപാലിച്ചുവരുന്ന കാവുകള്‍ സംരക്ഷിക്കും.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരവധി വനവത്കരണ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാല്‍, ഇവയില്‍ പലതും വിജയകരമായില്ല. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്റെ മരം, നമ്മുടെ മരം, വഴിയോരത്തണല്‍, ഹരിത കേരളം, ഹരിത തീരം തുടങ്ങിയ പദ്ധതികളാണ് മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയത്.
കൂടാതെ തണ്ണീര്‍ത്തട സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, കുട്ടനാട് പാക്കേജ് എന്നീ പദ്ധതികള്‍ക്ക് ആവശ്യമായ വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഹരിത തീരം പദ്ധതി 2009ല്‍ അവസാനിച്ചിരുന്നു.
എന്റെ മരം പദ്ധതിയിലൂടെ 99 ലക്ഷം തൈകളും നമ്മുടെ മരം പദ്ധതി പ്രകാരം 24 ലക്ഷം തൈകളും സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമായി നട്ടിരുന്നു.