Connect with us

Ongoing News

'മംഗലശേരി കാര്‍ത്തികേയന് ഗരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്'

Published

|

Last Updated

തിരുവനന്തപുരം: ബോക്‌സിംഗ് ഞാന്‍ പഠിച്ചിട്ടില്ല. പിന്നെ ഗരാട്ടേ അത് പഠിക്കണം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ടൈം കിട്ടിയില്ല. ആകെ അറിയാവുന്നത് നല്ല നാടന്‍ തല്ലാ. അതൊരു കോംപറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടിയില്ല”. “മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന് ” ഇനി പരാതി വേണ്ട. നാടന്‍ തല്ലില്‍ ഗപ്പിന് പകരം ഇപ്പോള്‍ ഗരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് തന്നെ കിട്ടിയിരിക്കുന്നു. കൊറിയന്‍ സര്‍ക്കാറാണ് ചലച്ചിത്രതാരം മോഹന്‍ലാലിനെ ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തയ്ക്വാണ്‍ഡോ നല്‍കി ആദരിച്ചത്. ഈ അംഗീകാരത്തോടെ മോഹന്‍ലാല്‍ തയ്ക്വാണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരള(ടേക്ക്)യുടെ ഓണററി അംബാസഡറായി ചുമതലയേറ്റു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഈ അഭിനയ പ്രതിഭയെ തേടി ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് പദവിയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു.
ഡോക്ടറേറ്റും പത്മശ്രീയും ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയപ്പോഴുള്ള അതേ നിര്‍വൃതിയോടെയാണ് ഈ അംഗീകാരവും സ്വീകരിക്കുന്നതെന്ന് ബ്ലാക്ക് ബെല്‍റ്റ് സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഒരു മലയാളി എന്നതില്‍ സന്തോഷം തോന്നുന്ന നിമിഷമാണിത്. വിദ്യാഭ്യാസത്തോടൊപ്പം ആയോധന കലകളും കുട്ടികളെ പഠിപ്പിക്കുന്നത് നന്മ നിറഞ്ഞ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായകമാകും. ബ്രൂസ് ലീയും ജാക്കി ചാനും ജെറ്റ് ലീയുമൊക്കെ സംഘട്ടന രംഗങ്ങള്‍ അഭിനയിക്കുന്നതിന് തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുമുഖ പ്രതിഭയായ മോഹന്‍ലാലിന് ലഭിച്ച ഈ അംഗീകാരത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് തയ്ക്വാണ്‍ഡ്വോ ഒളിംപിക് ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തയ്ക്വാണ്‍ഡോ മേഖലയില്‍ രാജ്യത്തിന് ഏറെ പ്രതീക്ഷയുള്ളതായും ഈ അംഗീകാരം ഒളിമ്പിക് സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോഹന്‍ലാലിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കണമെന്നതാണ്് തന്റെ സ്വപ്‌നമെന്ന് അവാര്‍ഡ് സമ്മാനിച്ചു കൊണ്ട് കൊറിയന്‍ സ്‌പോര്‍ട്‌സ് എംബസി ജനറല്‍ മാനേജര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ജിയോങ്ഹി അറിയിച്ചു.
തയ്ക്വാണ്‍ഡോ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊറിയന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കീം കും പ്യോങ്ങ് ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ചലച്ചിത്രനടന്‍ മധു, തയ്ക്വാണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ മുഖ്യരക്ഷാധികാരി ഡോ കെ എം എബ്രഹാം, ബി അജി, ടി അനന്തകുമാര്‍, എസ് മധുസൂദനന്‍ ഷൈന്‍ വര്‍ഗീസ്, പി ബിജു, ആര്‍ ദേവനാരായന്‍, റോയ് പി ജോര്‍ജ് സംസാരിച്ചു.
മുതിര്‍ന്ന തായ്ക്വണ്‍ഡോ പരിശീലകരെയും തായ്ക്വാണ്‍ഡോ അന്തര്‍ദേശീയ അവാര്‍ഡ് ജേതാക്കളെയും മോഹന്‍ലാല്‍ ആദരിച്ചു.