ജുമുഅ നിസ്‌കാരത്തിന് ഇടവേള: 1970 ലെ ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

Posted on: August 22, 2013 11:12 pm | Last updated: August 22, 2013 at 11:12 pm
SHARE

തിരുവനന്തപുരം: വെള്ളിയാഴ്ച ദിവസങ്ങളില്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇടവേള അനുവദിച്ചുകൊണ്ടുള്ള 1970ലെ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈ ഉത്തരവ് തലസ്ഥാന നഗരിയിലുള്‍പ്പെടെ മിക്ക എയ്ഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളും നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയത്.
മതാചാരപ്രകാരം ശിരോവസ്ത്രം ധരിച്ചെത്തുന്ന മുസ്‌ലിംപെണ്‍കുട്ടികളെ എയ്ഡഡ് സ്വകാര്യ മേഖലയിലെ സ്ഥാപന അധികൃതരും, അധ്യാപകരും അനാവശ്യമായി അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിതായി പ്രതിനിധികള്‍ പറഞ്ഞു. മന്ത്രി എം കെ മുനീറിനൊപ്പമാണ് നിവേദക സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഡോ. പൂവച്ചാല്‍ എന്‍ അലിയാരുകുഞ്ഞ്, പി കെ കെ അഹ്മദ്കുട്ടി മൗലവി, അഡ്വ. പി സിയാവുദ്ദീന്‍, എം കെ ഖമറുദ്ദീന്‍, ടി എ അബ്ദുല്‍വഹാബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here