Connect with us

Gulf

ബ്രദര്‍ഹുഡിന് പിന്തുണ; കുവൈത്തില്‍ 30 ഇമാമുമാരെ പിരിച്ചുവിടും

Published

|

Last Updated

കുവൈത്ത് സിറ്റി: ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതൃത്വത്തിലുള്ള മുര്‍സി സര്‍ക്കാറിനെ പിരിച്ചു വിട്ട പട്ടാള നടപടിക്കെതിരെ ജുമുഅ ഖുതുബയില്‍ പ്രസംഗിക്കുകയും ബ്രദര്‍ ഹുഡിന് വേണ്ടി അനധികൃതമായി പണപ്പിരിവ് നടത്തുകയും ചെയ്ത 30 ഖതീബുമാരെയും ഇമാമുമാരെയും ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയം തീരുമാനിച്ചു.
പള്ളികള്‍ രാഷ്ട്രീയം പറയാനുള്ളതല്ലെന്നും മതപരമായ ആരാധനകളും ചടങ്ങുകളും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും വ്യക്തമാക്കിയ ഔഖാഫ് മന്ത്രാലയം ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ കൈക്കൊള്ളുന്ന ബ്രദര്‍ഹുഡ് വിരുദ്ധ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍. ബ്രദര്‍ഹുഡിനെതിരെയുള്ള തങ്ങളുടെ നിലപാട് കുവൈത്ത് ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. പട്ടാള നേതൃത്വത്തിലുള്ള ഈജിപ്തിലെ ഇടക്കാല സര്‍ക്കാറിന് സാമ്പത്തിക സഹായം കുവൈത്ത് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, കുവൈത്തിലെ ഈജിപ്ഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയ 50 ഓളം പൗരന്‍മാരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്ക് നേതൃത്വം നല്‍കിയ ഒമ്പത് പേരെ നാടുകടത്തുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ കുവൈത്തിന്റെ മണ്ണില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി.

 

---- facebook comment plugin here -----

Latest