ഉദ്യാനങ്ങളില്‍ കുട്ടികള്‍ക്ക് വിജ്ഞാനോത്സവം

Posted on: August 22, 2013 6:04 pm | Last updated: August 22, 2013 at 7:04 pm
SHARE

അബുദാബി: അബുദാബി നഗരസഭയും അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയും സഹകരിച്ച് പാര്‍ക്‌സ് ലൈബ്രറി ഉത്സവം തുടങ്ങി. ഖലീഫാ പാര്‍ക്ക് ലൈബ്രറിയിലായിരുന്നു ഉദ്ഘാടനം. നിരവധി കുട്ടികള്‍ പങ്കെടുത്തു. അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി വായനയും സര്‍ഗസൃഷ്ടി മത്സരവും നടത്തി.

ലൈബ്രറികളിലൂടെ കുട്ടികളുടെ വിജ്ഞാന കൗതുകം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ അബ്ദുല്ല നാസര്‍ അല്‍ ജുനൈബി പറഞ്ഞു. കുട്ടികളുടെ സര്‍ഗശേഷി ഇതുവഴി മെച്ചപ്പെടുത്താന്‍ കഴിയും. കുരുന്നു പ്രായത്തില്‍ തന്നെ വായന പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് അബുദാബിക്കുള്ളത്.
കുട്ടികള്‍ക്ക് പ്രത്യേകം ലൈബ്രറി ഉള്ളതുകൊണ്ടാണ് ഖലീഫാ പാര്‍ക്കിനെ ഉദ്ഘാടനച്ചടങ്ങിനു തിരഞ്ഞെടുത്തത്. 30,000 പുസ്തകങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും ഡയറക്ടര്‍ അബ്ദുല്ല നാസര്‍ അല്‍ ജുനൈബി അറിയിച്ചു.