അടുത്ത മാസം ഒരു ദിര്‍ഹം=19 രൂപ

Posted on: August 22, 2013 7:01 pm | Last updated: August 22, 2013 at 7:01 pm
SHARE

dhirhamദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും താഴുമെന്ന് രാജ്യാന്തര ബേങ്കുകളുടെ പ്രവചനം. അടുത്ത മാസം ഒരു ദിര്‍ഹത്തിന് 19 രൂപ എന്ന നിലയില്‍ എത്തുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഡോളര്‍ ലഭിക്കണമെങ്കില്‍ 70 രൂപ നല്‍കേണ്ടിവരും. സൂറിച്ച് ആസ്ഥാനമായ യുബി എസ്, ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായ ഡച്ച് ബേങ്ക് എന്നിവയാണ് രൂപ വീണ്ടും നിലംപതിക്കുമെന്ന് വിലയിരുത്തിയത്.

2013ല്‍ രൂപയുടെ മൂല്യം 19 ശതമാനം കുറഞ്ഞിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടയില്‍ 46.5 ശതമാനമാണ് കുറഞ്ഞത്. അടുത്ത മാസത്തോടെ 61 ശതമാനമായി മാറും. കമ്മി കുറക്കാന്‍ മാന്ത്രികവടിയില്ലെന്ന്, റിസര്‍വ് ബേങ്ക് നിയുക്ത ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ഥം മൂല്യം വീണ്ടും ഇടിയുമെന്നാണ്. ഇന്നലെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാവിലെ ഒരു ദിര്‍ഹമിന് 17.55 രൂപയായി. ഡോളറുമായി താരതമ്യം ചെയ്യുമ്പോഴും ഇന്നലെ വീണ്ടും വിലയിടിവുണ്ടായി.
ഇന്നലെ ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലായിരുന്നു. വ്യാപാരം തുടങ്ങുമ്പോള്‍ തന്നെ രൂപയുടെ 64.40 രൂപ വരെയായി താഴ്ന്നു. രൂപയുടെ വിലയിടിവിനൊപ്പം ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്. മൂന്നു ദിവസം കൊണ്ട് സെന്‍സെക്‌സ് 1,400 പോയിന്റാണ് ഇടിഞ്ഞത്. അന്‍പതു മുന്‍നിര ഓഹരികളുടെ ദേശീയ സൂചികയായ നിഫ്റ്റിയില്‍ വലിയ ഇടിവാണ് രാവിലെയുണ്ടായത്. ബാങ്ക് നിഫ്റ്റി 2012 മേയ് മാസത്തിനു ശേഷം ആദ്യമായി 9,000 താഴെ എത്തി. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഇറക്കുമതി നിയന്ത്രിച്ച് വിദേശവ്യാപാരക്കമ്മി കുറയ്ക്കാനും വിദേശനാണ്യം പുറത്തേക്കൊഴുകുന്നതു നിയന്ത്രിക്കാനും സര്‍ക്കാരും റിസര്‍വ് ബാങ്കും ഇപ്പോള്‍ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് രൂപയുടെ സ്ഥിതി വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് രൂപയുടെ മൂല്യം അടിക്കടി താഴുന്നുവെന്നത് സാമ്പത്തിക വിദഗ്ധരില്‍ ഒരു വിഭാഗത്തെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ചിടത്തോളം ഇടിവ് നേട്ടമാവും. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങും. കനത്ത വിലക്കയറ്റമാകും ഇതിന്റെ ഫലമെന്നു ചുരുക്കം.
രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ ലക്ഷ്യം കാണാത്തതോടെ രൂപ 65 രൂപയിലേക്ക് വീഴുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് രൂപയുടെ മൂല്യത്തിനു മരണമണിയാവാം. രൂപയുടെ മൂല്യം ഇടിയുന്നത്, ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നതിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഈ വര്‍ഷം ജൂണില്‍ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 60 രൂപക്ക് അടുത്തുവരെ എത്തിയിരുന്നു. അപ്പോള്‍ കടംവാങ്ങിപ്പോലും വിദേശ മലയാളികള്‍ നാട്ടിലേക്ക് പണമയക്കുന്ന പ്രവണതയുമുണ്ടായി.