Connect with us

Gulf

ആസ്ബസ്‌റ്റോസ് മാലിന്യം ജീവിതം നരകമാക്കിയതായി താമസക്കാര്‍

Published

|

Last Updated

ദുബൈ: കാര്‍ പാര്‍ക്കിംഗ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് രൂപപ്പെട്ട അസ്ബസ്റ്റോസ് മാലിന്യത്താല്‍ താമസം ദുരിത്തിലായതായി പ്രദേശവാസികള്‍. അല്‍ സത്‌വ മേഖലയില്‍ പോലീസുകാര്‍ക്ക് താമസിക്കാന്‍ കെട്ടിടം പണിയാന്‍ കാര്‍ പാര്‍ക്ക് അശാസ്ത്രീയമായ രീതിയില്‍ പൊളിച്ചുമാറ്റിയതാണ് മേല്‍ക്കുരയില്‍ പാകിയ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടിത്തകരാനും ഇതില്‍ നിന്നും പുറപ്പെടുന്ന പൊടി അന്തരീക്ഷത്തില്‍ പടരാനും ഇടയാക്കിയത്. ഇവിടെ സര്‍ക്കാര്‍ കംപൗണ്ടില്‍ താമസിക്കുന്നവരാണ് ഇതുമൂലം ദുരിതത്തിലായത്.
ഏഴു വര്‍ഷം മുമ്പ് രാജ്യം ആസ്ബസ്റ്റോസ് നിരോധിക്കുന്നതിന് മുമ്പാണ് ഇവിടെ ഇതുപയോഗിച്ച് പാര്‍ക്കിംഗ് കേന്ദ്രത്തിന് മേല്‍ക്കുര പണിതത്. മനുഷ്യന്റെ ആരോഗ്യത്തിന് കനത്ത ഭീഷണിയായതിനാലാണ് ക്യാന്‍സറിന് പോലും കാരണമാവുന്ന ആസ്ബസ്‌റ്റോസ് യു എ ഇ സര്‍ക്കാര്‍ നിരോധിച്ചത്.
ആസ്ബസ്റ്റോസ് പോലെയുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതകലുകള്‍ എടുക്കാതെ അലക്ഷ്യമായി ഇവ പൊളിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ദുരിതത്തിനും ഇടയാക്കിയിരിക്കുന്നതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
പാര്‍ക്കിംഗ് കേന്ദ്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു മുന്നറിയിപ്പും പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്തവരില്‍ നിന്നും ഉണ്ടായില്ലെന്ന് താമസക്കാര്‍ കുറ്റപ്പെടുത്തുന്നു.
ദിവസവും ആസ്ബസ്റ്റോസില്‍ നിന്നുണ്ടാവുന്ന പൊടി കാരണം കാര്‍ രണ്ടു തവണ തുടക്കേണ്ടിവരുന്നതായി ഇവിടെ താമസിക്കുന്ന അബു ഫാരിസ് പറഞ്ഞു. കാറിന്റെ മുകളില്‍ മാരകമായ തോതില്‍ വിഷാംശമുള്ള ഈ പൊടിയുണ്ടെന്നത് തെളിയിക്കുന്നത് ഞങ്ങള്‍ ശ്വസിക്കുന്ന അന്തരീക്ഷത്തിലും കനത്ത തോതില്‍ ഇതുണ്ടെന്നാണെന്നും രണ്ടു മക്കളുടെ പിതാവായ ഫാരിസ് വ്യക്തമാക്കി.
ഒരു കാലത്ത് സിമന്റിന്റെ ഏറെക്കുറെ ഉപയോഗങ്ങള്‍ നിര്‍വഹിച്ചിരുന്ന ആസ്ബസ്‌റ്റോസ് പിന്നീട് ആരോഗ്യകരമായ പ്രത്യാഘാതങ്ങളാല്‍ യു എ ഇ നിരോധിക്കുകയായിരുന്നു. ലോകത്തിലെ 60 ല്‍ അധികം രാജ്യങ്ങളും ഇവ നിരോധിച്ചിട്ടുണ്ട്. കാറ്റിലൂടെ അതിവേഗം അന്തരീക്ഷത്തില്‍ പടരുന്ന ആസ്ബസ്റ്റോസ് പൊടി മനുഷ്യരുള്‍പ്പെടെയുള്ള ജീവികളുടെ ലംഗ്‌സിലാണ് വന്നടിയുക. ഇത്തരം പൊടി മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
അന്തരീക്ഷത്തില്‍ പൊടി പടരുന്നത് പരമാവധി ഒഴിവാക്കി വേണം ഇവ നീക്കം ചെയ്യാനെന്നാണ് നിയമം. എന്നാല്‍ ഇവിടെ മറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം ഇടിച്ചു തള്ളിയ നിലയിലാണ് ഇവയുള്ളത്. ഇതിന് എന്ന് പരിഹാരമാവുമെന്ന വേവലാതിയിലാണ് താമസക്കാര്‍.

 

 

---- facebook comment plugin here -----

Latest