മഅദനിക്കെതിരെ വീണ്ടും കേസെടുത്തു

Posted on: August 22, 2013 6:12 pm | Last updated: August 22, 2013 at 6:25 pm
SHARE

Abdul_Nasar_Madaniബംഗളൂരു: സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിക്കെതിരെ വീണ്ടും കേസ്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കര്‍ണാടക പോലീസാണ് പുതിയ കേസെടുത്തത്.

ഇക്കഴിഞ്ഞ ജൂണ്‍ ആറിന് വിദഗ്ധ ചികിത്സക്കായി മഅദനിയെ ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ പോലീസുകാരോട് അപരമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 383, 504, 506 വകുപ്പുകളാണ് മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നത്്. സംഭവം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം ജൂലൈ 23നാണ് പോലീസ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ മഅദനിയെ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കി. കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

ജയില്‍ മാന്വല്‍ അനുസരിച്ച് തടവുകാരെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ആംഡ് റിസര്‍വ് പോലീസാണ് സുരക്ഷ നല്‍കേണ്ടത്. എന്നാല്‍ മഅദനിക്ക് സുരക്ഷ നല്‍കാന്‍ എത്തിയത് ലോക്കല്‍ പോലീസ് മാത്രമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറാകാതിരുന്ന മഅദനി, സഹതടവുകാരെ അനുവദിക്കണമെന്ന് കാണിച്ച് കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് പിറ്റേ ദിവസം കോടതി സഹതടവുകാരെ അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് പുതിയ കേസെടുത്തിരിക്കുന്നത്.