Connect with us

Gulf

പ്രവാസി ഇന്ത്യക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതിക്ക് ഒമാനിലും തുടക്കം

Published

|

Last Updated

മസ്‌കത്ത്: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പെന്‍ഷനും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതിക്ക് ഒമാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും തുടക്കം കുറിക്കുന്നു. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പദ്ധതിയില്‍ ഒമാനിലുള്ള ഇന്ത്യക്കാര്‍ക്ക് അംഗമാകുന്നതിനുള്ള നടപടികളാണ് അന്ത്യന്‍ എംബസി പൂര്‍ത്തിയാക്കുക. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനകം തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അംഗങ്ങളായിട്ടുണ്ട്. ഔദേ്യാഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രചാരണം നടത്തി ആളുകളെ അംഗങ്ങളാക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. 2012ല്‍ പദ്ധതിക്ക് പ്രാരംഭം കുറിച്ചിരുന്നെങ്കിലും അംഗത്വമെടുക്കുന്നതിന് സാധിച്ചിരുന്നില്ല. വിദേശത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്കും വിദേശത്ത് നിന്നും മരണം സംഭവിക്കുന്നവരുടെ കുടുംബത്തിനും ഏറെ ഉപകാരപ്രദമാകുന്നതാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദേശീയ പെന്‍ഷന്‍ സ്‌കീമിനോട് ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് വര്‍ഷമെങ്കിലും വിദേശത്ത് ജോലി എടുത്തവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. എംപ്ലായ്‌മെന്റ് വിസയോ കോണ്‍ട്രാക്ട് വിസയോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 18 വയസിനും 50 വയസിനുമിടയില്‍ ജോലി ആവശ്യാര്‍ഥം വിദേശത്ത് എത്തിയവരായിരിക്കണം അപേക്ഷിക്കുന്നതെന്നും പെന്‍ഷന്‍ അപേക്ഷകര്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒമാന് പുറമെ അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, സഊദി അറേബ്യ, ലിബിയ. ലബനാന്‍, മലേഷ്യ, ഖത്തര്‍, സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. യു എ ഇയില്‍ ഇതിനകം തന്നെ പെന്‍ഷന്‍ പദ്ധിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. 240 തൊഴിലാളികള്‍ അംഗങ്ങളാവുകയും ചെയ്തു.
അഞ്ച് ദശലക്ഷം ഇന്ത്യക്കാരാണ് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലിയെടുക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി ശേഷിപ്പില്ലാത്തവരാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചെറുകിട തൊഴിലാളികളാണ് കൂടുതലും. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവരില്‍ അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് നാട്ടില്‍ പ്രയാസകരമല്ലാത്ത സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കാന്‍ കഴിയുന്നതെന്ന് പഠനത്തില്‍ പറയുന്നു.
ഗള്‍ഫ് ജീവിത ചെലവുകള്‍ വര്‍ധിച്ചതും നാട്ടിലേക്കയക്കുന്ന പണത്തില്‍ ഭൂരിഭാവും ചെലവഴിച്ച് തീരുന്നതും സാമ്പത്തിക ശേഷിപ്പുകള്‍ കുറയാനിടയാക്കുന്നു. പ്രവാസികളില്‍ 10 ശതമാനം കുടുംബങ്ങങ്ങളോടൊപ്പം ഗള്‍ഫില്‍ കഴിയുന്നവരാണ്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുന്നതാകും മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന പെന്‍ഷന്‍ പദ്ധതി. 4,000 രൂപയാണ് ഇതില്‍ വിദേശത്തുള്ളവര്‍ നിക്ഷേപിക്കേണ്ടി വരുന്നത്. ബാക്കി തുക കേന്ദ്ര ഗവണ്‍മെന്റ് നീരുമാനിക്കുന്ന ഏജന്‍സികള്‍ നിക്ഷേപിക്കുകയും വിദേശത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുകയും ചെയ്യും.

 

Latest