Connect with us

Gulf

ഇന്ത്യയിലെ പ്രഥമ ഇസ്‌ലാമിക ധനകര്യ സ്ഥാപനം നിക്ഷേപ സമാഹരണത്തിനായി ഗള്‍ഫ് പര്യടനത്തിന്

Published

|

Last Updated

മസ്‌കത്ത്: കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ശരീഅത്ത് അടിസ്ഥാനമാക്കിയിള്ള ബേങ്കിതര ധനകാര്യസ്ഥാപനമായ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഗള്‍ഫ് പ്രവാസികളടെ നിക്ഷേപം. കമ്പനിയുടെ പ്രചാരണത്തിനും നിക്ഷേപം ക്ഷണിക്കുന്നതിനുമായി അടുത്ത മാസം ഗള്‍ഫ് നാടുകളില്‍ പ്രചാരണ പര്യടനം നടത്തുമെന്ന് എം ഡി. എം പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് ബേങ്ക് എന്ന ആശയത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് റിസര്‍വ് ബേങ്കിന്റെ അനുമതിയോടെ ബേങ്കിതര ധനകാര്യസ്ഥാപനമായി തുടങ്ങുന്നത്. ഇസ്‌ലാമിക് ബേങ്ക് ആരംഭിക്കുന്നതിന് ഇന്ത്യയിലെ ബേങ്കിംഗ് നിയമം ഭേദഗതി ചെയ്യണമെന്നതും ബി ജെ പി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികല്‍ രാഷ്ട്രീയമായും നിയമപരമായും സംരംഭത്തിന് തടസം നിന്നതുമാണ് ബേങ്കിന് അനുമതി കിട്ടാതെ പോയത്. എന്നാല്‍ പദ്ധതുമായി മുന്നോട്ടു പോയ കേരള സര്‍ക്കാര്‍ റിസര്‍വ് ബേങ്കില്‍നിന്നും അംഗീകാരം നേടിയെടുത്താണ് പലിശരഹിത സാമ്പത്തിക സേവന സ്ഥാപനമായി ചേരമാന്‍ ഫിനാന്‍സ് സര്‍വീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. ഗള്‍ഫാര്‍ എം ഡി. ഡോ. പി മുഹമ്മദലിയാണ് കമ്പനിയുടെ ചെയര്‍മാന്‍.
ആയിരം കോടി രൂപയുടെ മൂലധനമാണ് കമ്പനി പ്രഖ്യപിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നു തന്നെയാണ് കമ്പനി പ്രധാനമായും നിക്ഷേപം പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഗള്‍ഫ് ഇന്ത്യക്കാരില്‍ ഇതു സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ട്. മൂല്യാധിഷ്ഠിത നിക്ഷേപ രീതിയും പലിശ രഹിത ബിസിനസുകളുമാണ് കമ്പനി സ്വീകരിക്കുക. ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും ഇത്. ശരീഅത്ത് നിരോധിച്ച മേഖലകളിലൊന്നും കമ്പനി നിക്ഷേപം നടത്തില്ല. പരമ്പരാഗത ബേങ്കുകളുടെ സാമ്പത്തിക സഹായം സ്വീകരിക്കുകയോ നല്‍കുകയോ ചെയയില്ല. ഇന്‍ഷ്വറന്‍, വിനോദ വ്യവസായം, ഹലാലല്ലാത്ത ഭക്ഷ്യ മേഖല എന്നിവയിലും കമ്പനി ബന്ധപ്പെടില്ലെന്നും മുഹമ്മദ് ഹനീഷ് കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പാട്ടം, ഓഹരി മേഖലയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ഐ എഫ് എഫ് മാതൃകയിലുള്ള ഇടപാടുകളാണ് ലക്ഷ്യം. ലാഭവും നഷ്ടവും പങ്കു വെക്കുന്ന രീതിയായിരിക്കും ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗള്‍ഫ് നാടുകള്‍ വന്‍ തുകകള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഐ എഫ് എഫ് ബിസിനസുകളിലാണ് ഈ നിക്ഷേപങ്ങള്‍. കേരളത്തിലും സംസ്ഥാനത്തിനു പുറത്തും അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപം നടത്തി ബിസിനസ് നടത്താനാണ് ചേരമാന്‍ കമ്പനി ലക്ഷ്യം വെക്കുന്നത്. ബി ഒ ടി അടിസ്ഥാനത്തിലായിരിക്കും പ്രധാന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുക. സംയുക്ത പദ്ധതികളും ഏറ്റെടുക്കും. ചില പദ്ധതികള്‍ക്ക് ഇതിനകം ആസൂത്രണം നടത്തിയിട്ടുണ്ട്. ആദ്യ ബി ഒ ടി പദ്ധതി വഖഫ് പ്രോപ്പര്‍ട്ടി വികസനമായിരിക്കും. 18 വര്‍ഷത്തിനു ശേഷമാണ് പദ്ധതി വഖഫിനു കൈമാറുക.
കമ്പനിയുടെ 11 ശതമാനം മൂലധനം കേരള ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍നിന്നുമായിരിക്കും. തുടര്‍ന്നുള്ള ഓഹരികള്‍ പരമാവധി ഒമ്പതു ശതമാനം വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും രണ്ടു പേര്‍ കമ്പനിയില്‍ ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായിരിക്കും. ചേരമാന്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ്, ചേരമാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്. ചേരമാന്‍ ഫണ്ട് തുടങ്ങിയ ഉപ കമ്പനികള്‍ക്കും ഇതോടെ തുടക്കം കുറിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും വൈകാതെ കമ്പനിയില്‍ നിക്ഷേപം വരുമെന്നു പ്രതീക്ഷിക്കുന്നതായും കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് പ്രവാസി മലയാളികള്‍ക്കിത് മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.