ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ്: മിലാന് സമനില

Posted on: August 22, 2013 9:48 am | Last updated: August 22, 2013 at 9:48 am
SHARE

ACMilan_Reutersലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ട് യോഗ്യതക്കുള്ള പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡ്, ചെക് റിപബ്ലിക്ക് ക്ലബ്ബ് വിക്‌ടോറിയ പ്ലിസെന്‍, കസാഖ്സ്ഥാന്‍ ക്ലബ്ബ് ഷാക്ത്യോര്‍ ഐ കെ, റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ്പീറ്റഴ്‌സ്ബര്‍ഗ് ജയം കണ്ടു. കരുത്തരുടെ പോരില്‍ പി എസ് വി ഐന്തോവനും എ സി മിലാനും 1-1ന് പിരിഞ്ഞു.
ഒളിമ്പിക് ലിയോണിനെ എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ സോസിഡാഡ് പ്ലേ ഓഫില്‍ മേധാവിത്വം നേടിയത്. ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ അട്ടിമറി ഒഴിവാക്കിയാല്‍ സ്പാനിഷ് ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് സ്‌പോട് ഉറപ്പിക്കാം. പതിനേഴാം മിനുട്ടില്‍ ഗ്രീസ്മാനും അമ്പതാം മിനുട്ടില്‍ സെഫെറോവിചും സോസിഡാഡിന്റെ ഗോളുകള്‍ നേടി. തന്റെ ബാല്യകാല ക്ലബ്ബായ ലിയോണിനെതിരെ തകര്‍പ്പന്‍ വോളിയിലൂടെയാണ് അന്റോണിയോ ഗ്രീസ്മാന്‍ സോസിഡാഡിന് ലീഡ് നേടിയത്. മെക്‌സിക്കന്‍ താരം കാര്‍ലോസ് വേലയായിരുന്നു ഗോളൊരുക്കിയത്. ഇടത് വിംഗില്‍ നിന്ന് വേല നല്‍കിയ അളന്ന്മുറിച്ച ക്രോസ് ഗ്രീസ്മാന്‍ ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ലിയോണ്‍ ഉണര്‍ന്നു കളിച്ചു.
എന്നാല്‍, അമ്പതാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്‌ട്രൈക്കര്‍ ഹാരിസ് സെഫെറോവിച് ലിയോണിനെ ഞെട്ടിച്ചു. ഗോളി ആന്റണി ലോപസിനെ കാഴ്ചക്കാരനാക്കും വിധം കൃത്യതയുള്ള ഷോട്ടിലൂടെ ഹാരിസ് രണ്ടാം ഗോള്‍ നേടി. കാര്‍ലോസ് വേലയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് എഴുപത്തഞ്ചാം മിനുട്ടില്‍ ലിയോണിന്റെ ഡിഫന്‍ഡര്‍ മിലന്‍ ബിസെവിചിന് ചുവപ്പ് കാര്‍ഡ് കണ്ടു.
പോര്‍ട്ടോയില്‍ നടന്ന മത്സരത്തില്‍ പാകോസ് ഫെറേയ്‌റയെ 1-4ന് റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റഴ്‌സ്ബര്‍ഗ് തോല്‍പ്പിച്ചു. പോര്‍ച്ചുഗല്‍ ക്ലബ്ബിനെതിരെ നാല് എവേ ഗോളുകള്‍ നേടിയ സെനിത് പ്ലേ ഓഫ് ജയം ഏറെക്കുറെ ഉറപ്പിച്ചു. മിഡ്ഫീല്‍ഡര്‍ റോമന്‍ ഷിറോകോവിന്റെ ഹാട്രിക്കാണ് സെനിതിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 27,60,90 മിനുട്ടുകളിലായിരുന്നു ഷിറോകോവിന്റെ ഗോളുകള്‍. മറ്റൊന്ന് സെല്‍ഫ് ഗോളായിരുന്നു. പാകോസിന്റെ ഏക ഗോള്‍ അമ്പത്തെട്ടാം മിനുട്ടില്‍ ആന്ദ്രെ ലിയോ നേടി.1-1ന് പിരിഞ്ഞ പി എസ് വി- എസി മിലാന്‍ മത്സരഫലം ഇറ്റാലിയന്‍ ക്ലബ്ബിന് നേരിയ മുന്‍തൂക്കം നല്‍കുന്നു.
എവേ ഗോള്‍ നേടിയതാണ് മിലാന്റെ മുന്‍തൂക്കം. ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ പി എസ് വിയില്‍ നിന്ന് വലിയ വെല്ലുവിളി പ്രതീക്ഷിക്കുന്നുവെന്ന് മിലാന്‍ കോച്ച് മാസിമിലിയാനോ പെല്ലെഗ്രിനി പറഞ്ഞു. കാരണം പതിനഞ്ചാം മിനുട്ടില്‍ ലീഡെടുത്ത മിലാനെതിരെ പി എസ് വി നടത്തിയ തിരിച്ചുവരവ് തന്നെ. സ്റ്റീഫന്‍ എല്‍ ഷരാവിയാണ് മിലാന് ലീഡ് നേടിയത്. അറുപതാം മിനുട്ടില്‍ മറ്റാവ്‌സിലൂടെ മുന്‍ ഡച്ച് താരം ഫിലിപ് കോകു പരിശീലിപ്പിക്കുന്ന പി എസ് വി സമനില പിടിച്ചു. ജിഫ്രി ബ്രുമയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചറാണ് ഗോളില്‍ കലാശിച്ചത്. ബ്രുമയുടെ ഷോട്ട് കൈകളിലൊതുക്കാന്‍ മിലാന്‍ ഗോളി ക്രിസ്റ്റ്യന്‍ അബിയാറ്റിക്ക് സാധിക്കാതെ പോയപ്പോള്‍ പൊടുന്നനെ മറ്റാവ്‌സ് പ്രത്യക്ഷപ്പെട്ടു. പന്ത് വലയിലേക്ക് തിരിച്ചുവിട്ട് മറ്റാവ്‌സ് ഡച്ച് ക്ലബ്ബിന് ആവേശകരമായ സമനില സമ്മാനിച്ചു.
മരിയോ ബലോടെല്ലിയും എല്‍ ഷരാവിയും ബോട്ടെംഗും ചേരുന്നതായിരുന്നു മിലാന്റെ ആക്രമണ നിര. പതിനേഴ് വയസ് മാത്രം പ്രായമുള്ള സ്‌ട്രൈക്കര്‍ സകാരിയ ബക്കാലി പരുക്കേറ്റ് പിന്‍മാറിയത് പി എസ് വിക്ക് മത്സരത്തിന് മുമ്പ് നിരാശയേകി. സീസണില്‍ നാല് മത്സരങ്ങളില്‍ നാലിലും ഗോള്‍ നേടിയ യുവതാരത്തിന്റെ പകരക്കാരനായിട്ടാണ് മറ്റാവ്‌സ് ആദ്യ ലൈനപ്പില്‍ ഇടം നേടിയത്. സമനില ഗോള്‍ നേടിയ മറ്റാവ്‌സ് മികവറിയിക്കുകയും ചെയ്തു.
ആദ്യ പകുതിയില്‍ മിലാനായിരുന്നു മത്സരം നിയന്ത്രിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ പി എസ് വി മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന ഘട്ടത്തില്‍ ഡിഫന്‍ഡര്‍ കരിം റെകികിലൂടെ പി എസ് വിക്ക് വിജയഗോളിന് അവസരമൊരുങ്ങിയിരുന്നു. ജോര്‍ജിനോയുടെ മികവുറ്റ ക്രോസ് ഹെഡര്‍ ഗോളാക്കുന്നതില്‍ കരീമിന് പിഴച്ചു.
സ്ലൊവേനിയന്‍ ക്ലബ്ബ് മരിബോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിക്‌ടോറിയ പ്ലിസെന്‍ തോല്‍പ്പിച്ചു. ഹോം ഗ്രൗണ്ടിലായിരുന്നു ഈ ജയം. സിയോസ്‌കി, ദാരിദ, ഡുറിസ് ചെക് റിപബ്ലിക്ക് ടീമിനായി ലക്ഷ്യം കണ്ടു. കസാഖ് ടീം ഷാക്ത്യോര്‍ 2-0ന് സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിനെ കീഴടക്കി. ഹോംഗ്രൗണ്ടിലായിരുന്നു ഷാക്ത്യോറിന്റെ ജയം.
ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന പ്ലേ ഓഫില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ തുര്‍ക്കിയില്‍ ഫെനര്‍ബഷെയെ നേരിടും. ഡിനാമോ സാഗ്രെബ്-ആസ്ത്രിയ വിയന്ന, ഷാല്‍ക്കെ 04- സലോനിക, സ്റ്റ്യുവ ബുചാറെസ്റ്റ്-ലെഗിയ വാര്‍സോ, ലുഡോഗൊറെറ്റ്‌സ്-ബാസല്‍ മത്സരങ്ങളും നടക്കും.