സേവനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ആക്ഷേപം

Posted on: August 22, 2013 7:49 am | Last updated: August 22, 2013 at 7:49 am
SHARE

വടകര: സേവനാവകാശ നിയമ പ്രകാരം, സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ആക്ഷേപം.

സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ഇന്‍ക്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്യല്‍, വരുമാനം തിരുത്തല്‍, മേല്‍വിലാസം, വീട്ടുനമ്പര്‍, വാര്‍ഡ് നമ്പര്‍ എന്നിവ തിരുത്തല്‍, വൈദ്യുതീകരണം സംബന്ധിച്ച തിരുത്തലുകള്‍ കാര്‍ഡിലെ പേര് തിരുത്തല്‍, പുതിയ അംഗത്തെ കാര്‍ഡില്‍ ഉള്‍പ്പെടുത്തല്‍, പുതിയ റേഷന്‍ കാര്‍ഡ്, താത്കാലിക റേഷന്‍ കാര്‍ഡ് എന്നീ സേവനങ്ങള്‍ അപേക്ഷിക്കുന്ന അതേ ദിവസവും വീട്ട് നമ്പര്‍ ഇല്ലാത്ത പുറമ്പോക്ക് നിവാസികള്‍ക്കുള്ള കാര്‍ഡ് ഏഴ് ദിവസവും ഡ്യൂപ്ലിക്കറ്റ് റേഷന്‍ കാര്‍ഡ് 15 ദിവസത്തിനുള്ളിലും താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്ന് നല്‍കണമെന്നാണ് സേവനാവകാശ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഇത്തരം അപേക്ഷ മുന്‍ സമയപരിധിക്കുള്ളില്‍ നല്‍കിയിട്ടില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ പിഴ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനത്തിനായി വടകര സപ്ലൈ ഓഫീസില്‍ എത്തിച്ചേരുന്നവര്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്. വടകരയിലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ സേവന നിയമപ്രകാരം ലഭിക്കുന്ന സേവനങ്ങളുടെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.