Connect with us

Kozhikode

ജാഗ്രതാ സമിതി വിളിച്ചുചേര്‍ക്കുന്നില്ലെന്ന് പരാതി

Published

|

Last Updated

കൊയിലാണ്ടി: മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി തഹസില്‍ദാര്‍ ചെയര്‍മാനായി താലൂക്ക്തലത്തില്‍ രൂപവത്കരിച്ച ജാഗ്രതാ സമിതി വിളിച്ച് ചേര്‍ക്കുന്നില്ലെന്ന് പരാതി.

സമീപകാലത്ത് താലൂക്കിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് കൊയിലാണ്ടി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഓണക്കാലമായതോടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വില്‍പ്പന കൂടുതല്‍ സജീവമാകാനും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വില്‍പ്പന വിപുലമാകാനും ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ ജാഗ്രതാ സമിതി കൊയിലാണ്ടി താലൂക്ക്തല ജാഗ്രതാ സമിതി വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ താലൂക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് യോഗം വിളിച്ച് ചേര്‍ക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് താലൂക്ക് ജാഗ്രതാ സമിതി കണ്‍വീനര്‍ കെ വി അബ്ദുല്‍ മജീദ് പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, അനധികൃത മദ്യവില്‍പ്പന എന്നിവക്കെതിരെ ഉയര്‍ന്ന എക്‌സൈസ് – പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന തഹസില്‍ദാര്‍ ചെയര്‍മാനായുള്ള ഒരു ജനകീയ സമിതി 2002 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തഹസില്‍ദാരും താലൂക്ക് ജാഗ്രതാ സമിതി കണ്‍വീനറും കൂടിയാലോചിച്ചാണ് സാധാരണ യോഗം വിളിച്ചുചേര്‍ക്കുക.
എന്നാല്‍ പല തവണ കലക്ടറുടെ കത്തോടുകൂടി അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ബന്ധപ്പെട്ടവര്‍ യോഗം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അബ്ദുല്‍ മജീദ് ആരോപിച്ചു.

Latest