അനധികൃതമായി മണ്ണ് കടത്തിയ ലോറികള്‍ പിടികൂടി

Posted on: August 22, 2013 7:46 am | Last updated: August 22, 2013 at 7:46 am
SHARE

പാലക്കാട്: തമിഴ്‌നാട്ടിലേക്ക് അനധികൃതമായി മണ്ണ് കടത്തിയതിന് 11 ലോറികള്‍ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പിലെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പാലക്കാട് നഗരത്തിലെ മണലി ബൈപാസില്‍ നടത്തിയ പരിശോധനയിലാണ് ലോറികള്‍ പിടികൂടിയത്. കണ്ണൂരില്‍ നിന്നുള്ള പാസിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് മണ്ണ് കടത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ബോക്‌സൈറ്റ് നിര്‍മാണത്തിന് വേണ്ടിയാണത്രെ ചെങ്കല്‍ ക്വാറികളില്‍ നിന്നുള്ള മണ്ണ് കടത്തിയത്. ഇത് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ലോറികളില്‍ അമിതഭാരം കയറ്റുന്നത് പരിശോധിക്കുന്നതിനിടെയാണ് വന്‍തോതിലുള്ള മണ്ണ് കടത്ത് കണ്ടെത്തിയത്. ലോറിയിലുണ്ടായിരുന്നവര്‍ ഹാജരാക്കിയ ബില്ലുകളും വ്യാജമാണ്. കസ്റ്റഡിയിലെടുത്ത ലോറികള്‍ കല്ലേക്കാട് പൊലീസ് ക്യാമ്പ് ഗ്രൗണ്ടിലേക്ക് മാറ്റി. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പി എം. അപ്പു, മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസര്‍ കിഷോര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.—