Connect with us

Palakkad

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരണം വര്‍ധിക്കുന്നു

Published

|

Last Updated

അഗളി: അട്ടപ്പാടിയില്‍ നവജാതശിശു മരണത്തിന് ശമനമായപ്പോള്‍ ഗര്‍ഭസ്ഥ ശിശു മരണം വര്‍ധിക്കുന്നു. ഗര്‍ഭം അലസുന്നവരുടെ എണ്ണത്തിലും കുറവില്ല. കഴിഞ്ഞ 20 ദിവസത്തിനുളളില്‍ 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗര്‍ഭ ഛിദ്രം ഒഴിവാക്കാനുളള പ്രതിരോധ കുത്തിവെപ്പ് മരുന്ന് അട്ടപ്പാടിയിലെ ആശുപത്രികളില്‍ കിട്ടാനുമില്ല. 2010 ഏപ്രില്‍ ഒന്ന് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരണവും കൂടിവരികയാണെന്ന് വ്യക്തമാകും.
2010 ഏപ്രില്‍ ഒന്ന് മുതല്‍ 2011 മാര്‍ച്ച് 31 വരെ ഗര്‍ഭം അലസിയവരുടെ എണ്ണം 22. എന്നാല്‍ 2012ല്‍ ഇത് 44 ആയി വര്‍ധിച്ചു. 2013 ഏപ്രില്‍ മാസം ഏഴും മെയ് മാസം 11ഉം ജൂണില്‍ ഏഴും. ജൂലൈ മാസത്തില്‍ എട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഇതുവരെ 20 ദിവസത്തിനുളളില്‍ ഗര്‍ഭം അലസിയവരുടെ എണ്ണം 10 ആണ്. ഓരോ വര്‍ഷവും ഓരോ മാസവും വര്‍ധനവ് വ്യക്തം.
അട്ടപ്പാടിയില്‍ ഇപ്പോള്‍ 608 യുവതികളാണ് ഗര്‍ഭിണികളായുളളത്. ഇതില്‍ വിവിധ ആദിവാസി ഊരുകളിലായി 316 പേരുണ്ട്,. ഇവരില്‍ 214 പേര്‍ പ്രത്യേക പരിചരണം അര്‍ഹിക്കുന്നു. ഗര്‍ഭചിദ്രത്തിന് സാധ്യതയുളളവര്‍ക്ക് ഗര്‍ഭകാലത്ത് പ്രത്യേക കുത്തിവെപ്പുകള്‍ നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെ ഒരിടത്തും പ്രതിരോധ കുത്തിവെപ്പിനുളള പ്രൊജെസ്‌ട്രോണ്‍ മരുന്ന് ലഭ്യമല്ല. മാവേലി നീതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ കിട്ടാനുമില്ല. എന്തായാലും പ്രതിവിധിയും പ്രതിരോധവും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.