Connect with us

Kannur

ഗ്രാമീണ കോടതിയുടെ തുടര്‍ നടപടികളും വൈകുന്നു

Published

|

Last Updated

ശ്രീകണ്ഠപുരം: മുന്‍സീഫ്, മജിസ്‌ട്രേറ്റ് കോടതികള്‍ ശ്രീകണ്ഠപുരത്ത് തുടങ്ങുന്നത് അനിശ്ചിതത്വത്തിലായതിന് പിന്നാലെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ശ്രീകണ്ഠപുരത്ത് അനുവദിച്ച ഗ്രാമീണ കോടതിയുടെ തുടര്‍ നടപടികളും വൈകുന്നു.
സംസ്ഥാനത്ത് ശ്രീകണ്ഠപുരമുള്‍പ്പെടെ 30 ഗ്രാമീണ കോടതികളാണ് അനുവദിച്ചിരുന്നത്. കേസുകള്‍ കെട്ടിക്കിടക്കുന്നത് തടയുന്നതിനും വ്യവഹാരങ്ങള്‍ ലളിതമാക്കുന്നതിനും ലക്ഷ്യമിട്ടാണ് രാജ്യവ്യാപകമായി ഇവയാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഗ്രാമീണ കോടതികള്‍ അനുവദിച്ച സ്ഥലങ്ങളുടെ പുതിയ പട്ടിക വീണ്ടും പ്രസിദ്ധീകരിക്കാനാണ് ഇപ്പോള്‍ നീക്കം. പട്ടിക പരിഷ്‌കരിക്കുമ്പോള്‍ ശ്രീകണ്ഠപുരം ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളുടെ സാധ്യതയില്ലാതാകുമെന്നാണറിയുന്നത്.
ശ്രീകണ്ഠപുരത്ത് മുന്‍സീഫ്, മജിസ്‌ട്രേറ്റ് കോടതികള്‍ അനുവദിച്ചിട്ടുണ്ടെന്ന പേരിലാണ് ഗ്രാമീണ കോടതിക്കെതിരെ നീക്കം നടക്കുന്നത്. ഗ്രാമീണ കോടതി തുടങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷം ജില്ലാ ജഡ്ജി ശ്രീകണ്ഠപുരത്തെത്തി കെട്ടിട പരിശോധന നടത്തിയിരുന്നു. രണ്ട് വര്‍ഷം വരെ തടവും രണ്ടര ലക്ഷം വരെ പിഴയും വിധിക്കാവുന്ന കേസുകളാണ് ഗ്രാമീണ കോടതികള്‍ പരിഗണിക്കുക.