Connect with us

Kannur

അഴീക്കോട് സി പി എം-ബി ജെ പി സംഘട്ടനത്തില്‍ 15 പേര്‍ക്ക് പരുക്ക്

Published

|

Last Updated

വളപട്ടണം: അഴീക്കോട് വന്‍കുളത്തുവയലില്‍ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 50ഓളം പേര്‍ക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് അഴീക്കോട് ഹൈസ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ രാഖി കെട്ടി സ്‌കൂളില്‍ എത്തിയിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും രാഖി അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും സ്‌കൂളിനു പുറത്ത് സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂര്‍ ടൗണ്‍ സി ഐ. കെ വിനോദ് കുമാറിന്റെയും വളപട്ടണം എസ്‌ഐ. കെ വി ദിനേശന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളെ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍കുളത്തുവയലില്‍ വച്ചു തടഞ്ഞു.
പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചതിനും സി പി എം-ബി ജെ പി പ്രവര്‍ത്തകരായ രാമചന്ദ്രന്‍, സുധാകരന്‍, സജീഷ് ബാബു, സന്ദീപ്, രഞ്ജിത്ത്, റിജേഷ്, ശിവദാസ്, മിഥുന്‍, അജിനാസ്, ജിതിന്‍, രാഗേഷ്, അശോകന്‍ തുടങ്ങി കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest