കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് പോര് ജില്ലാ കമ്മിറ്റികളിലും

Posted on: August 22, 2013 7:34 am | Last updated: August 22, 2013 at 7:34 am
SHARE

മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് പോര് വീണ്ടും ശക്താകുന്നു. മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ ഒതുങ്ങി നിന്ന പോര് ജില്ലാ കമ്മിറ്റികള്‍ ഏറ്റെടുത്തിരിക്കുകയാണ്. മലപ്പുറം നഗരസഭയില്‍ കോണ്‍ഗ്രസ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ അധികൃതര്‍ ഉടന്‍ എടുത്ത് മാറ്റുകയാണെന്നാണ് ഡി സി സി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ പരാതി. സി പി എമ്മിനോട് പോലും കാണിക്കാത്ത നയമാണ് നഗരസഭ കോണ്‍ഗ്രസിനോട് പുലര്‍ത്തുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലാണ് ഡി സി സി രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നഗരസഭക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഡി സി സി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കുവെക്കുന്നതിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം ജില്ലയിലെ യു ഡി എഫിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ഇരുകൂട്ടരും പറഞ്ഞിരുന്നത്.

സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെ അവഹേളിക്കുന്നുവെന്ന വികാരം ശക്തമായതോടെ ലീഗ് ജില്ലയില്‍ സ്വന്തംനിലയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ തിരുമാനിച്ചിരുന്നു. ഇതിനുമുമ്പെ ജില്ലയില്‍ വിപുലമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്താനിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകിട്ട് ആറുമണിക്ക് മലപ്പുറം കുന്നുമ്മലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് പരിപാടിയെന്ന് പറയുന്നുണ്ടെങ്കിലും തനിച്ച് പ്രചരണം പ്രഖ്യാപിച്ച ലീഗിന് മറുപടി നല്‍കുകയാണ് ലക്ഷ്യം. ആഗസ്റ്റില്‍ 400 പൊതുയോഗങ്ങളും സെപ്റ്റംബറില്‍ 200 പൊതുയോഗങ്ങളുമാണ് നടക്കുക. ആഗസ്റ്റ് 26 മുതല്‍ 31വരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാഹന ജാഥകള്‍ നടത്തും. കോണ്‍ഗ്രസിന്റെ ശക്തി തുറന്നുകാട്ടുകയാണ് ലക്ഷ്യം.
ലീഗുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രാരംഭചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തത്ക്കാലം ഇത്തരം നീക്കങ്ങള്‍ നടത്തേണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ലീഗിനു മുന്നില്‍ കീഴടങ്ങിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ജില്ലയിലെ പ്രമുഖന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പുതിയ നീക്കങ്ങള്‍. കേരളയാത്രയുമായി ബന്ധപ്പെട്ട് കെപി സി സി പ്രസിഡന്റ് ജില്ലയിലെത്തിയപ്പോള്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നഗരസഭ എടുത്തുമാറ്റിയിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കളില്‍ ലീഗിനെതിരെ കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. അലിഗഡ് ഇഫഌ കാമ്പസുകളുടെ അനിശ്ചിതത്വത്തിനു പിന്നില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ലീഗ് വിശ്വസിക്കുന്നത്.
ജില്ലയുടെ മുഖച്ഛായ തന്നെമാറ്റുന്ന പദ്ധതികള്‍ ലീഗിന് രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കുമെന്ന കോണ്‍ഗ്രസിന്റെ ഭയമാണ് ഇതിനുകാരണം. കേന്ദ്രപദ്ധതികളും നഷ്ടപ്പെടാന്‍ കാരണമിതാണെന്ന് ലീഗ് നേതാക്കള്‍ വിശ്വസിക്കുന്നു. മലപ്പുറം ജില്ലക്ക് മാത്രം പദ്ധതികള്‍ നഷ്ടപ്പെടുന്നതില്‍ നിഗൂഢതയുണ്ടെന്ന ലീഗിന്റെ വിമര്‍ശനം കോണഗ്രസിനെയാണ് ഉന്നംവെക്കുന്നത്.