ഫണ്ട് തിരിമറി; എം എസ് പിയില്‍ വിജിലന്‍സ് പരിശോധന

Posted on: August 22, 2013 7:33 am | Last updated: August 22, 2013 at 7:33 am
SHARE

മലപ്പുറം: മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. പുതിയ കാന്റീന്‍ കെട്ടിട നിര്‍മാണം, എം എസ് പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫണ്ട് തിരിമറി, ജനമൈത്രി പദ്ധതിയില്‍ നിര്‍മിച്ച ബാത്ത് റൂം എന്നിവയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഡി വൈ എസ് പി സലീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. രാവിലെ പത്തുമണിക്ക് തുടങ്ങിയ റെയ്ഡ് വൈകിട്ട് ആറുമണിക്കാണ് അവസാനിച്ചത്.

ചിലരേഖകള്‍ കൂടുതല്‍ പരിശോധനക്കായി കണ്ടെടുത്തിട്ടുണ്ട്. സിഐ മാരായ കെ ഉല്ലാസ്, കെ സി ബിനു, യൂസഫ്, എ വിപിന്‍ദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 32 ലക്ഷം രൂപയാണ് പുതിയ കാന്റീന്‍ കെട്ടിടം പണിയാന്‍ ചിലവിട്ടത്. സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിലെ ഏക എയ്ഡഡ് സ്‌കൂളാണ് എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വിവിധ ഫണ്ടുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് സംഘത്തിന് വിവരം ലഭിച്ചത്. ഇത് സാധൂകരിക്കുന്ന ചില രേഖകള്‍ കണ്ടെത്തിയതായും അറിയുന്നു. ബാത്ത് റൂം നിര്‍മാണത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്.