കള്ളതോക്ക് നിര്‍മാണം; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Posted on: August 22, 2013 7:31 am | Last updated: August 22, 2013 at 7:31 am
SHARE

നിലമ്പൂര്‍: ആഢ്യന്‍പാറയിലെ കള്ളതോക്ക് നിര്‍മാണ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി വെള്ളിയാഴ്ച നിലമ്പൂര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോത്തുകല്ല് എസ് ഐ കോട്ടാറ രാമകൃഷ്ണന്‍ പറഞ്ഞു. ആഢ്യന്‍പാറയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും കള്ളതോക്ക് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്ത സംഭവത്തില്‍ എടവണ്ണ പത്തപ്പിരിയം വായനശാലപടിയിലെ ചോലക്കല്‍ വേലായുധന്‍(54), എരുമമുണ്ട ചെമ്പന്‍കൊല്ലിയിലെ അവുലാന്‍ മുഹമ്മദലി (43) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

പിടിയിലായ മുഹമ്മദലിയുടെ വീട്ടില്‍ നിന്നും തോക്കിന്‍കുഴലും കാഞ്ചിയും കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തോക്ക് നിര്‍മാണത്തിലൂടെ മുഹമ്മദലിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നതാണ് പോലീസ് പരിശോധിക്കുന്നത്. നായാട്ടിന് ഉപയോഗിക്കാനായിരിക്കാം എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് ഗുരുതരമായാണ് ഇത് കാണുന്നത്.
കൊല്ലപ്പണിക്കാരനായ വേലായുധന്‍ ഇതിന് മുമ്പും ഇത്തരത്തില്‍ തോക്ക് നിര്‍മിച്ചിട്ടുണ്ടാകാമെന്നും പോലീസ് കണക്കുകൂട്ടുന്നു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നിര്‍മാണവും റിപ്പയറിംഗും സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷയെന്ന് സി ഐ. എ പി ചന്ദ്രന്‍ പറഞ്ഞു.